kerala
ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറണം; കെജിഎംഒഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തി ആരോഗ്യമന്ത്രി
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല നില്‍പ്പ് സമരം തുടരുന്ന കെജിഎംഒഎ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് മന്ത്രി നല്‍കി. ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ ആവശ്യങ്ങള്‍ നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലന്ന് കെജിഎംഒഎ പ്രതിനിധികള്‍ അറിയിച്ചു. വാക്കാലുള്ള ഉറപ്പ് അംഗീകരിക്കില്ലെന്നും സമരം നടത്തുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ തുടരുന്ന പ്രത്യക്ഷ സമരം ശക്തമാക്കുമെന്ന് കെജിഎംഒഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനുവരി ഒന്ന് മുതല്‍ നിസ്സഹകരണ സമരം കടുപ്പിക്കുമെന്നും അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനം.
ശമ്പള പരിഷ്‌കരണത്തിലൂടെ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ ഏറെ നാളായി സമരമുഖത്താണ് കെജിഎംഒഎ.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാഴ് വാക്കായതോടെയാണ് ഒരിക്കല്‍ മാറ്റിവച്ച നില്‍പ്പ് സമരം ഈ മാസം എട്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പുനരാരംഭിച്ചത്. സമരം 13 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതു വര്‍ഷത്തില്‍ സമരം കടുപ്പിക്കാന്‍ കെജിഎംഒഎ സംസ്ഥാന സമിതിയുടെ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിര്‍വ്വഹണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കില്ല. മുന്നറിയിപ്പെന്ന നിലയില്‍ ജനുവരി നാലിന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
സമരം ആരംഭിച്ച ദിവസം ആരോഗ്യമന്തിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഉറപ്പൊന്നും നല്‍കിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.