Headlines
Loading...
ഹൈക്കോടതി ഇനി പൂര്‍ണമായും ഇ-ഫയലിങിലേക്ക്; ഹരജികള്‍ നേരിട്ടെത്തി നല്‍കേണ്ടതില്ല

ഹൈക്കോടതി ഇനി പൂര്‍ണമായും ഇ-ഫയലിങിലേക്ക്; ഹരജികള്‍ നേരിട്ടെത്തി നല്‍കേണ്ടതില്ല

കേരളാ ഹൈക്കോടതി ഇനി മുതല്‍ പൂര്‍ണമായും ഇ-ഫയലിങ്ങിലേക്ക്. ഇ-ഫയലിങ്ങിനൊപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും പ്രവര്‍ത്തനസജ്ജമായി. പുതിയ പദ്ധതി സുപ്രീംകോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്തു. ഇ കോടതി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വ്വഹിച്ചു.

നിയമ സംവിധാനത്തിലെ സുപ്രധാന നാഴികല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കൊവിഡ് കാലത്ത് കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഡവൈ ചന്ദ്രചൂഡ് പ്രശംസിച്ചു.

ഹൈകോടതിയില്‍ ഇ-ഫയലിങ് നടപ്പാക്കിയതോടെ ജനങ്ങള്‍ക്ക് ഹരജികളും മറ്റു അനുബന്ധ രേഖകളും കോടതിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കേണ്ടതില്ല. കൊവിഡ് വ്യാപനമുണ്ടായിരുന്ന സമയത്ത് ഭാഗികമായി ഇ-ഫയലിങ് നടപ്പാക്കിയിരുന്നു. അന്ന് എതിര്‍പ്പുകളുയര്‍ന്നെങ്കിലും ഹൈക്കോടതി ഭരണവിഭാഗം പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. 

പൂര്‍ണമായും ഇ ഫയലിങ് നടപ്പാക്കിയാല്‍ സംസ്ഥാനത്തെ പതിനായിരത്തോളം വക്കീല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയായിരുന്നു എതിര്‍പ്പിന് കാരണം. ഹൈക്കോടതി ഐടി സംഘമാണ് ഇ-ഫയലിങ് പദ്ധതികള്‍ നടപ്പാക്കിയത്.