Headlines
Loading...
പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യത; പൊലീസ് സുരക്ഷ ശക്തമാക്കും

പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണത്തിന് സാധ്യത; പൊലീസ് സുരക്ഷ ശക്തമാക്കും

കണ്ണൂരിലെ പാർട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണത്തിനുളള സാധ്യത കണക്കിലെടുത്ത് സുരക്ഷ കർശനമാക്കാനൊരുങ്ങി പൊലീസ്. സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയാണ് കർശന സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവിട്ടത്. സുരക്ഷയൊരുക്കുന്നതിന്റെ ഭാ​ഗമായി പെട്രോളിങും പരിശോധനകളും വർധിപ്പിക്കാനും നിർദേശമുണ്ട്.

സിപിഐഎം -കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെടാനുളള സാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാ​ഗമായി മുഴുവൻ പൊലീസ് ഉദ്യോ​ഗസ്ഥരോടും അവധി റദ്ദാക്കി തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോൺ​ഗ്രസ്-സിപിഐഎം പ്രവർത്തകർ തമ്മിൽ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായിരുന്നു. 

കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കരിഓയിൽ പ്രയോ​ഗവുമുണ്ടായിരുന്നു. നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ധീരജിന്റെ സംസ്കാര ദിവസം മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത കോൺ​ഗ്രസ് മേഖലാ കൺവെൻഷനിലേക്ക് ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായിരുന്നു.

രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനുള്ള ശ്രമത്തെ തടുക്കുമെന്ന് കെ സുധാകരനും പ്രതികരിച്ചിരുന്നു. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഐഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു. 

വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കുമെന്ന് കരുതരുതെന്ന് സുധാകരന്‍ പറഞ്ഞു.