kerala
'മൊഴി വിശ്വാസയോഗ്യമല്ല, ചിലരുടെ താല്‍പ്പര്യങ്ങളില്‍ പെട്ടുപോയി'; കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിധി പകര്‍പ്പ് പുറത്ത്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഉള്‍പ്പെടെ കന്യാസ്ത്രീക്കെതിരെ നിശിതമായ വിമര്‍ശനമാണ് വിധി പകര്‍പ്പിലുള്ളത്.
കന്യാസ്ത്രി മറ്റു ചില സ്ഥാപിത താല്‍പര്യങ്ങളില്‍ പെട്ടുപോയെന്നും പരാമര്‍ശമുണ്ട്. അധികാരത്തിനു വേണ്ടി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും 289 പേജുള്ള വിധി പകര്‍പ്പില്‍ പറയുന്നു.സാക്ഷി മൊഴികള്‍ക്കപ്പുറം തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ട്. പരാതിയും കേസും നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോള്‍ കന്യാസ്ത്രീ മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണാര്‍ത്ഥത്തില്‍ മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ല.
ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.കന്യാസ്ത്രീകള്‍ക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചതായും വിധി പകര്‍പ്പില്‍ പറയുന്നു. ഇത്തരത്തില്‍ നിശിതമായ വിമര്‍ശനങ്ങളാണ് കോടതി കന്യാസ്ത്രീക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ പകല്‍ പതിനൊന്നു മണിക്ക് വിധി പ്രസ്ഥാവിച്ചെങ്കിലും വിധി പകര്‍പ്പ് പുറത്ത് വന്നത് രാത്രി പത്തു മണിക്ക് ശേഷമാണ്. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണ് പ്രോസിക്യൂഷന്‍.