Headlines
Loading...
'ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും'; ട്രോളി എംഎം മണിയും

'ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും'; ട്രോളി എംഎം മണിയും

എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ 'ചരിത്രഓട്ട'ത്തെ പരിഹസിച്ചുകൊണ്ട് എംഎം മണിയും രംഗത്ത്. 'ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും.. എടപ്പാള്‍ പാലം.' എന്നാണ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടന പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് എംഎം മണി പറഞ്ഞത്.

സോഷ്യല്‍മീഡിയ അന്നും ഇന്നും ആഘോഷമാക്കുന്ന എടപ്പാള്‍ഓട്ടത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. 'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ..' എന്നാണ് മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് അറിയിപ്പിലൂടെ മന്ത്രി ശിവന്‍കുട്ടി ട്രോളിയത്.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ഓട്ടത്തെയാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിച്ചത്. ഓരോ വര്‍ഷത്തിലും എടപ്പാള്‍ ഓട്ടത്തിന്റെ വാര്‍ഷികവും സോഷ്യല്‍മീഡിയ ആഘോഷിക്കുന്നുണ്ട്.

അന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകള്‍ ഏറെ നാളാണ് പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി കിടന്നത്. ബൈക്കുകളുടെ നമ്പര്‍ പരിശോധിച്ച പൊലീസ് ഉടമകളെ തിരിച്ചറിഞ്ഞെങ്കിലും പലരും ബൈക്ക് പോയിക്കോട്ടെയെന്ന നിലപാടിലായിരുന്നു. ബൈക്ക് സ്റ്റേഷനില്‍ സുരക്ഷിതമായി കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും അന്ന് ചിലര്‍ നേരിട്ട് പോയിട്ടുമില്ലായിരുന്നു.