national
യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തു; കുഞ്ഞ് മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്തുള്ള നെടുമ്പുളി എന്ന ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി സ്വദേശിയായ ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യൂട്യൂബ് വീഡിയോ അനുകരിച്ച് തനിയെ പ്രസവമെടുക്കാന്‍ ശ്രമിച്ചത്.
ഡിസംബര്‍ 13-നായിരുന്നു ഗോമതിയുടെ പ്രസവം നടത്താന്‍ ഡോക്ടര്‍മാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തീരുമാനിച്ച ദിവസം കഴിഞ്ഞിട്ടും പ്രസവവേദന ഉണ്ടാവാത്തതിനാല്‍ യുവതി ആശുപത്രിയില്‍ പോയിരുന്നില്ല. എന്നാല്‍ ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ടു എങ്കിലും യുവതി വൈദ്യസഹായം തേടാതെ മൊബൈലില്‍ യൂട്യൂബ് നോക്കി പ്രസവിക്കാന്‍ ഗോമതിയും ഭര്‍ത്താവ് ലോകനാഥും തീരുമാനിക്കുകയായിരുന്നു.
സഹായത്തിനായി യുവതിയുടെ സഹോദരിയും ഉണ്ടായിരുന്നു. എന്നാല്‍ യൂട്യൂബ് വീഡിയോ നോക്കി പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. തുടര്‍ന്ന് ഗോമതി ബോധരഹിതയായി. പിന്നീടാണ് അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിക്കുന്നത്.