kerala
പിങ്ക് പൊലീസ് അപമാനിച്ച സംഭവം; പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ കോടതിയിൽ
തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടിയ്ക്ക് നഷ്ടപരിഹാം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് സാക്ഷിമൊഴികളും ഹാജരാക്കി, പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചു. ഇനിയും നടപടി എടുക്കേണ്ടതില്ലെന്നും സർക്കാർ കോടതിയെ രേഖാമൂലം അറിയിച്ചു. ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
കുട്ടിക്ക് നഷ്ടപരിഹാരത്തുക നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പെൺകുട്ടിയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലെ ആവശ്യം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നഷ്ടപരിഹാരമായി എത്ര രൂപ നൽകാമെന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.
പെൺകുട്ടിയെയും പിതാവിനെയും മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് അച്ചടക്ക നടപടിയല്ലെന്നും എന്തു കൊണ്ടാണ് ഇനിയും നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു. നമ്പി നാരായണന് കൊടുത്തത് പോലെ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേസ് പരിഗണിച്ചുകൊണ്ട് കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ പൊലീസുകാരിയുടെ മാനസികാവസ്ഥയെപ്പറ്റിയാണ് ആശങ്കപ്പെടുന്നത്. സ്ഥലം മാറ്റം കിട്ടിയ സ്ഥലത്തും പൊലീസുകാരി ഇതു തന്നെ ആവര്‍ത്തിച്ചാല്‍ എന്ത് ചെയ്യുമെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.