kerala
'പ്രതികാരക്കൊല'; ഷാനെ കൊല്ലാൻ കാത്തിരുന്നത് മൂന്ന് ദിവസം, ബൈക്കിലെത്തിയ അജ്ഞാതൻ വഴിക്കാട്ടി
എസ്ഡിപിഐ സംസ്ഥാന നേതാവ് ഷാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസിൻ്റ പ്രതികാരം എന്ന് റിമാൻഡ് റിപ്പോർട്ട്. ചേർത്തലയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതൊന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നു ദിവസമായി കൊല്ലുന്നതിന് വേണ്ടി പദ്ധതിയിട്ടു. അഞ്ചു പേർ കൃത്യത്തിൽ പങ്കെടുത്തതായി സൂചന ഒരാൾ ബൈക്കിൽ വിവരങ്ങൾ നൽകി നാലുപേർ കാറിൽ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസിനെ നേതൃത്വത്തിന് അറിവോടെയാണ് കൊലപാതകം കൃത്യത്തിന് ശേഷം പ്രതികൾ തങ്ങിയത് ആർഎസ്എസ് കാര്യാലയത്തിലാണ്. അവിടെ നിന്നാണ് രണ്ട് പേർ പിടിയിലായത്.
ആർഎസ്എസിന്റെ പങ്ക് വ്യക്തമാകുന്നതാണ് റിമാൻഡ് റിപ്പോർട്ട്. വഴികാട്ടിയ ബൈക്കുകാരൻ ആരാണെന്നതിൽ തുടങ്ങി കുറെയേറെ പേരുകൾ പൊലീസ് പുറത്തുവിടാനുണ്ട്. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച കാർ ചേർത്തലയിൽ നിന്ന് കണ്ടെത്തിയിരുന്നു. ചേർത്തല കാണിച്ചുകുളങ്ങര, അന്നപ്പുരയ്ക്കൽ ജംഗ്ഷന് സമീപത്തുള്ള പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഈ കാർ.ആലപ്പുഴ മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു സമീപം കുപ്പേഴം ജംഗ്ഷനിൽ വച്ചായിരുന്നു ശനിയാഴ്ച രാത്രി എട്ടു മണിയോടെ ഷാനിനുനേരെ ആക്രമണമുണ്ടാകുന്നത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാന്റെ സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
കാർ ഡ്രൈവറെ കൂടാതെ നാല് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ വടിവാൾ പോലെയുള്ള ആയുധം ഉപയോഗിച്ച് നാല് പേർ ഷാനെ ആക്രമിക്കുന്നത് വ്യക്തമായിട്ടുണ്ട്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടൻ എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. കൈകൾക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ നിലയിലാണ് ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.അക്രമികൾ ശബരിമലയ്ക്ക് പോകാനെന്ന് വ്യാജേനെയാണ് വാടകയ്ക്ക് കാർ എടുത്തതെന്നാണ് വിവരം. കൃത്യമായി ആസൂത്രണത്തോടെയാണ് ഷാനെ അക്രമികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഷാന്റെ കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം ബിജെപി സംസ്ഥാന നേതാവ് രഞ്ജിത്ത് കൊല്ലപ്പെട്ടിരുന്നു.