kerala
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച് ഉദ്യോഗസ്ഥ, ഹൈക്കോടതിയിലും വിമര്‍ശനം
ആറ്റിങ്ങലില്‍ എട്ട് വയസ്സുകാരിയേയും പിതാവിനേയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് നടപടിയില്‍ കോടതിയില്‍ മാപ്പ് അപേക്ഷ നല്‍കി ഉദ്യോഗസ്ഥ. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായാണ് ഉദ്യോഗസ്ഥ അറിയിച്ചത്. അഭിഭാഷകന്‍ മുഖേനെയാണ് അപേക്ഷ സമർപ്പിച്ചത്.അതേസമയം, ഇന്ന് ഹർജി പരിഗണിക്കവെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉയർത്തിയത്. സര്‍ക്കാര്‍ എന്തിനാണ് കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് ബാലനീതി വകുപ്പ് പ്രകാരവും എസ്‌സി, എസ്ടി ആക്ട് പ്രകാരവും കേസെടുക്കാതിരുന്നതിലും വിമര്‍ശനവും കോടതി ഉന്നയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സര്‍ക്കാര്‍ എന്തിനാണ് കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. സംഭവം കുട്ടിയില്‍ മാനസിക ആഘാതം സൃഷ്ടിച്ചു. കുട്ടിയെ അപമാനിക്കാന്‍ പൊലീസുകാരി ഉദ്ദേശിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം ചൂണ്ടികാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. തന്റെ മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ എങ്ങനെ സഹിക്കും എന്നുള്‍ക്കൊണ്ടാണ് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം. അതേസമയം സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആളുകള്‍ കൂടിയതുകൊണ്ട് മാത്രമല്ല, പൊലീസുകാരിയുടെ പെരുമാറ്റം കൊണ്ടാണ് കുട്ടി കരഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുക എന്നതിലുള്‍പ്പെടെ സര്‍ക്കാരിന്റെ തീരുമാനം എന്താണെന്നും കോടതി ചോദിച്ചു.
സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെയും ആരാഞ്ഞിരുന്നു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈല്‍ ഫോണിനെക്കുറിച്ച് ചോദിച്ചതെന്നും ഈ പൊലീസുദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. വിഷയത്തില്‍ പിങ്ക് പൊലീസിനെതിരെയും വിമര്‍ശനം ഉണ്ടായിരുന്നു. 'പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ' എന്നുമായിരുന്നു വിമര്‍ശനം. പൊലീസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ മൂലം ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പൊലീസിനോട് എന്തെങ്കിലും വിഷയത്തില്‍ പ്രതികരിച്ചാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. പൊലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, അഭിഭാഷകനോട് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ആരാഞ്ഞത്.
ആറ്റിങ്ങലില്‍ ഐഎസ്ആര്‍ഒയുടെ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവരുടെ അടുത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. കാറിലുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. നേരത്തെ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു.