international
'നിങ്ങൾക്ക് പകരം ഐശ്വര്യ റായിയെ അയക്കും'; വിശ്വസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലെത്തിച്ച സുസ്മിത നേരിട്ട അവഗണന
21 വർഷങ്ങൾക്ക് ശേഷം വിശ്വസുന്ദരിപ്പട്ടം നേടിയിരിക്കുകയാണ് ഇന്ത്യയുടെ ഹർനാസ് സന്ധു. 21കാരിയായ ഈ പഞ്ചാബ് സ്വദേശിനി ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ്. 1994 ൽ സുസ്മിത സെന്നും 2000 ൽ ലാറ ദത്തയുമാണ് ഹർനാസിന് മുമ്പ് വിശ്വ സുന്ദരി കീരീടം ചൂടിയ ഇന്ത്യക്കാർ. സുസ്മിത സെന്നാണ് ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം എത്തിച്ചത്. തന്റെ 18ാം വയസ്സിലാണ് സുസ്മിത ഈ നേട്ടം സ്വന്തമാക്കിയത്. ഫിലിപ്പിന്‍സില്‍ വെച്ചായിരുന്നു മത്സരം.
സുസ്മിതയുടെ ജീവിതവും മാറ്റി മറിച്ച ഈ നേട്ടത്തിനൊപ്പം തന്നെ ചില മോശം അനുഭവങ്ങളും ഇവർക്ക് അക്കാലയളവിൽ നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സുസ്മിത ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.
ഫിലിപ്പിൻസിലേക്ക് മത്സരത്തിനു പോവുന്നതിന് മുമ്പ് സുസ്മിതയുടെ പാസ്പോർട്ട് കാണാതായതോടെയാണ് സംഭവമരങ്ങേറിയത്. അനുപമ വർമ എന്ന അക്കാലത്തെ പ്രമുഖ മോഡലിന് ബംഗ്ലാദേശിലെ ഒരു ഷോയ്ക്ക് പോവാനായി ഐഡി പ്രൂഫിന് സുസ്മിത തന്റെ പാസ്പോർട്ട് കൊടുത്തിരുന്നു. എന്നാൽ ഇവരുടെ കെെയ്യിൽ നിന്നും പാസ്പോർട്ട് കാണാതായി.
ഇക്കാര്യം സുസ്മിത സംഘാടകരോട് പറഞ്ഞു. എന്നാൽ തനിക്ക് അവഗണനയാണ് സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇവർ പറയുന്നു. നിങ്ങൾക്ക് പകരം ഐശ്യര്യ റായിയെ മിസ് യൂണിവേഴ്സ് മത്സരത്തിനയക്കാമെന്നായിരുന്നു സംഘാടകർ സുസ്മിതയോട് പറഞ്ഞത്.
മിസ് ഇന്ത്യ പട്ടം നേടിയതോടെയാണ് സുസ്മിത മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ ഐശ്യര്യ റായി സുസ്മിതയുടെ തൊട്ടു പിന്നിലായി മിസ് ഇന്ത്യ റണ്ണ റപ്പായിയിരുന്നു. മിക്കവരും മിസ് ഇന്ത്യ കിരീടം ഐശ്വര്യ നേടുമെന്നും ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യ മത്സര ഷോയായ മിസ് യൂണിവേഴ്സിലേക്ക് ഐശ്വര്യ തെരഞ്ഞെടുക്കപ്പെടുമെന്നുമായിരുന്നു കരുതിയിരുന്നത്.
സംഘാടകരുടെ നിർദ്ദേശം കേട്ട് തനിക്ക് ദേഷ്യം വന്നെന്ന് സുസ്മിത അഭിമുഖത്തിൽ പറയുന്നുണ്ട്. 'കാരണം നിങ്ങൾ ഒരു കാര്യത്തിൽ ന്യായമായി വിജയിക്കുകയാണെങ്കിൽ നിങ്ങളതിന് വേണ്ടി അപേക്ഷിക്കുകയല്ല', സുസ്മിത പറഞ്ഞു. അന്ന് തന്റെ പിതാവിന്റെ മുന്നിൽ വെച്ച് ഞാൻ കരഞ്ഞെന്നും നടി പറഞ്ഞു. ഒടുവിൽ അന്നത്തെ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ സഹായം സുസ്മിതയുടെ പിതാവ് തേടുകയും സുസ്മിതക്ക് ഫിലിപ്പിൻസിലേക്ക് പോവാനുള്ള ഏർപ്പാട് ചെയ്യുകയും ചെയ്തു. മത്സരത്തിൽ സുസ്മിത വിശ്വസുന്ദരി പട്ടം നേടുകയും ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. അതേവർഷം തന്നെ നടന്ന മിസ് വേൾഡ് മത്സരത്തിൽ ഐശ്വര്യ റായിയും കിരീടമണിഞ്ഞു.