Headlines
Loading...
അഴിമതിക്കാരനാക്കി പുറത്താക്കാൻ ശ്രമം: ആരോഗ്യമന്ത്രിക്കെതിരെ നോഡൽ ഓഫിസർ

അഴിമതിക്കാരനാക്കി പുറത്താക്കാൻ ശ്രമം: ആരോഗ്യമന്ത്രിക്കെതിരെ നോഡൽ ഓഫിസർ

പാലക്കാട്∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനത്തിനെതിരെ വിമർശനവുമായി അട്ടപ്പാടി നോഡൽ ഓഫിസർ ഡോ. ആർ.പ്രഭുദാസ്. തന്നെ ബോധപൂർവം തലസ്ഥാനത്ത് എത്തിച്ച് മന്ത്രി ചുരം കയറിയതിനു പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് കോട്ടത്തറ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് കൂടിയായ അദ്ദേഹം പറഞ്ഞു. താൻ അഴിമതിക്കാരനാണെന്ന് വരുത്തി പുറത്താക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മന്ത്രിയുടേതെന്നും അദ്ദേഹം ആരോപിച്ചു. 

വേഗത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയാണ് താൻ തലസ്ഥാനത്ത് എത്തിയത്. കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി കിട്ടിയില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്. പിന്നാലെ ആരോഗ്യമന്ത്രി ചുരം കയറിയെന്ന വിവരവും ലഭിച്ചു. ഇതുവരെ ആദിവാസി ക്ഷേമത്തിനായി താൻ നടപ്പാക്കിയ കാര്യങ്ങൾ ഒന്നുമായിരുന്നില്ലെന്നാണ് മന്ത്രി സന്ദർശനത്തിലൂടെ അറിയിച്ചതെന്നും പ്രഭുദാസ് പറഞ്ഞു. 

തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ച ശേഷം ശനിയാഴ്ച രഹസ്യമായാണ് മന്ത്രി അട്ടപ്പാടിയിലെത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി ഊരുകളിലും പോഷകാഹാര വിതരണ കേന്ദ്രങ്ങളിലുമെല്ലാം മന്ത്രി നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തി. സൂപ്രണ്ടില്ലാതെ കോട്ടത്തറയിലെ സൗകര്യങ്ങൾ ജീവനക്കാരുടെ സാന്നിധ്യത്തിൽ വിലയിരുത്തുകയും ചെയ്തു. അടുത്തിടെ കോട്ടത്തറ സ്പെഷൽ ആശുപത്രിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ക്രമക്കേടുകൾ മന്ത്രിയെ ചൊടിപ്പിച്ചുവെന്നാണ് വിവരം. സൂപ്രണ്ടിനെതിരെ രേഖാമൂലം നിരവധി പരാതി ലഭിച്ചതായും സൂചനയുണ്ട്.