Headlines
Loading...
വനം വകുപ്പ് ഉദ്യോഗസ്ഥരുമാരുമായുണ്ടായ സംഘര്‍ഷം; നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്

വനം വകുപ്പ് ഉദ്യോഗസ്ഥരുമാരുമായുണ്ടായ സംഘര്‍ഷം; നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്

വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ കേസ്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് വിപിന്‍ വേണുഗോപാലിനെതിരെ കേസെടുത്തത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് മാനന്തവാടി പൊലീസ് നടപടി.
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ള മര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കടുവാ സാന്നിധ്യമുണ്ടായ പുതിയിടത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉദ്യോഗസ്ഥര്‍ കടുവക്കായി വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലന്നായിരുന്നു നാട്ടുകാരുടെ പ്രധാന പരാതി. ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി സംസാരിച്ച വേണുഗോപാലിനെ കയ്യേറ്റം ചെയ്തുവെന്നും ആരോപണമുണ്ട്.
സംഘര്‍ഷത്തിനിടെ ഒരു ഉദ്യോഗസ്ഥന്‍ നാട്ടുകര്‍ക്കെതിരെ കത്തിയെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു രംഗത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയാണ് കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും. കടുവയെ പിടികൂടാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം കടുവയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ കടുവയെ നേരിട്ടു കണ്ട പുതിയിടം പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പുലര്‍ച്ചെ 1.15നാണ് കടുവ ഇതുവഴി കടന്നുപോയതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്.

ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ മുതല്‍ ഫോറസ്റ്റ് സംഘം പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. അതേസമയം നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്