kerala
'കൊലപാതകങ്ങള്‍ സൃഷ്ടിക്കുന്നത് രക്തസാക്ഷിയെ മാത്രമല്ല, മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെ കൂടിയാണ്': കെ കെ രമ
തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണെന്നാണ് കെ കെ രമയുടെ ഓര്‍മ്മപ്പെടുത്തല്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെ കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാണ്. എന്നാല്‍ കൊലപാതകികളെ സംരക്ഷിക്കുകയും, അവര്‍ മഹാന്മാരാണെന്ന ബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ ഇടപെടലുകള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ക്ക് അറുതി വരുകയുള്ളു എന്നും കെ കെ രമ വ്യക്തമാക്കുന്നു.
കെ കെ രമയുടെ പോസ്റ്റ് പൂര്‍ണരൂപം-
തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപ്കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും, ദുഃഖകരവുമാണ്. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണ്. സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്. കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പിന് കഴിയണം.
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിന്റെ മുന്നിലേക്കാണ് നരാധമന്‍മാര്‍ വീണ്ടും വീണ്ടും വാളെടുക്കുന്നത്. കൊലപാതകികളെ സംരക്ഷിക്കുകയും,അവര്‍ മഹാന്മാരാണെന്ന ബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തില്‍ ആ കുടുംബത്തിനും,സുഹൃത്തുക്കള്‍ക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.