Headlines
Loading...
സന്ദീപിന്റെ കൊലപാതകം; ജിഷ്ണുവിന്റെ വ്യക്തി വൈരാഗ്യമെന്ന വാദം തള്ളി സിപിഐഎം

സന്ദീപിന്റെ കൊലപാതകം; ജിഷ്ണുവിന്റെ വ്യക്തി വൈരാഗ്യമെന്ന വാദം തള്ളി സിപിഐഎം

തിരുവല്ലയിലെ സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിന്റെ കെലാപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമാണെന്ന വാദം തള്ളി സിപിഐഎം ജില്ലാ നേതൃത്വം. അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിന്റെ അമ്മയുടെ ജോലിക്കാര്യത്തില്‍ ജിഷ്ണുവും സന്ദീപ് കുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതാണ് കെലാപാതകത്തിലേക്ക് നയിച്ചതെന്നുമായിരുന്നു ഉയര്‍ന്നു വന്ന വാദം. എന്നാല്‍ ഇത് കെട്ടുകഥയാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍ സനല്‍കുമാര്‍ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയ്ക്ക് ജോലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടോ എന്ന് പാര്‍ട്ടിക്ക് അറിയില്ല. ജോലി വിഷയത്തില്‍ സന്ദീപിനോ പാര്‍ട്ടിക്കോ ഒരു പങ്കുമില്ല. സിഡിഎസ് ആണ് ജോലി കൊടുക്കുന്നതില്‍ തീരുമാനമെടുത്തത്. ജിഷ്ണുവിന്റെ അമ്മയ്ക്ക് ജോലി ലഭിച്ചുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇവര്‍ ഇപ്പോഴും ഇവിടത്തെ താല്‍ക്കാലിക ജോലിക്കാരിയാണെന്നാണ് മനസ്സിലാക്കുന്നതെന്നും സനല്‍കുമാര്‍ പറഞ്ഞു.

സന്ദീപ് കൊലക്കേസില്‍ പ്രധാന പ്രതിയായ ജിഷ്ണുവിന് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജിഷ്ണുവിന്റെ അമ്മയ്ക്ക് ബീവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരവല്ല പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ താല്‍ക്കാലിക ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന പേരില്‍ ഇരുവരും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

വ്യക്തിവൈരാഗ്യമല്ല ആര്‍എസ്എസ് ആണ് കെലാപാതകത്തിന് പിന്നിലെന്ന്് സിപിഐഎം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കൊലയില്‍ ബിജെപിക്കോ സംഘപരിവാറിനോ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ് പറഞ്ഞു.
കേസില്‍ നാല് പ്രതികള്‍ പൊലീസ് പിടിയിലായി. ചാത്തങ്കരി സ്വദേശി ജിഷ്ണു, തിരുവല്ല കാവുംഭാഗം സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ്, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. 

തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലാണ്. ഇന്നലെ രാത്രിയാണ് തിരുവല്ല പെരിങ്ങര സിപിഐഎം ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാര്‍ കുത്തേറ്റ് മരിച്ചത്. . രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സംഭവം.കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമ സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്.മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് സന്ദീപ് കുമാര്‍.