Headlines
Loading...
പിജി ഡോക്ടർമാരുടെ സമരം; ആരോ​ഗ്യമന്ത്രി ഇന്ന് വീണ്ടും ചർച്ച നടത്തും

പിജി ഡോക്ടർമാരുടെ സമരം; ആരോ​ഗ്യമന്ത്രി ഇന്ന് വീണ്ടും ചർച്ച നടത്തും

മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധി പരിഹരിക്കാൻ സമരം നടത്തുന്ന മെഡിക്കൽ പിജി ഡോക്ടർമാരുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ചർച്ച നടത്തും. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ രംഗത്തെത്തിയതോടെയാണ് വീണ്ടും ഒരു ചർച്ച നടത്താൻ ആരോഗ്യവകുപ്പ് സമ്മർദ്ദത്തിലായത്.

4% സ്റ്റൈപ്പൻഡ് വർദ്ധനവ് നടപ്പാക്കുക, നീറ്റ് പി ജി പ്രവേശന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ഇടപെടൽ നടത്തുക, കൂടുതൽ നോൺ അക്കാദമിക്ക് ജൂനിയർ റെസിഡന്റെ ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പിജി ഡോക്ടർമാർ സമരം നടത്തുന്നത്.

ഹൗസ് സർജൻമാർക്ക് പുറമെ പി ജി അധ്യാപകരും ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നലെ ചർച്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നായിരുന്നു ഹൗസ് സർജ്ജന്മാരുടെ പ്രധാന ആവശ്യം.
സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ചർച്ചയ്ക്ക് വിളിക്കാത്തത് ഐഎംഎയും രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്.

അതേസമയം, ഹൗസ് സർജ്ജന്മാർ നടത്തിവന്ന 24 മണിക്കൂർ സൂചന പണിമുടക്ക് ഇന്ന് അവസാനിക്കും. പ്രശ്ന പരിഹാരം ഉണ്ടായിലെങ്കിൽ തുടർ സമരത്തിലേക്ക് കടക്കുമെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.