kerala
'എംജി സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ നിരന്തരം ഇടപെട്ടു'; കെടി ജലീലിനെതിരെ മുൻ രജിസ്ട്രാർ
മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ ആരോപണവുമായി എംജി സർവകലാശാലയിലെ മുൻ രജിസ്ട്രാർ. സർവകലാശാലയുടെ ദൈംനദിന പ്രവർത്തനങ്ങളിൽ മന്ത്രിയായിരിക്കെ ജലീൽ നിരന്തരം ഇടപെട്ടന്ന് മുൻ രജിസ്ട്രാർ എംആർ ഉണ്ണി ആരോപിച്ചു. ഇതെതിർത്തപ്പോൾ വ്യക്തി വിരോധമായെന്നും എംആർ ഉണ്ണി ആരോപിച്ചു.
ചട്ടവിരുദ്ധമായ മാർക്ക് ദാനത്തിൽ മാത്രമല്ല, സർകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ നിരന്തരം ജലീൽ ഇടപെട്ടു. ചിലപ്പോൾ ദൂതൻമാർ വഴിയായിരുന്നു ഇടപെടൽ. ഇതിനെ എതിർത്തപ്പോൾ മുൻമന്ത്രിയുടെ ഭാഗത്ത് നിന്നും വ്യക്തി വിരോധമുണ്ടായി. ഈ വിരോധം ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ഉണ്ണി കൂടി ഇടപെട്ട് സംവിധാനം ചെയ്ത സർവകലാശയുടെ സിനിമയോട് തീർത്തു. 60 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ട്രിപ്പ് എന്ന സിനിമ പെട്ടിയിലായെന്നും ഇദ്ദേഹം പറയുന്നു.
മുൻ മന്ത്രി സി രവീന്ദ്രനാഥിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇതെന്നും ഇദ്ദേഹം പറയുന്നു. രവീന്ദ്രനാഥിന്റെ കാലത്ത് ജൈവം പദ്ധതിയുടെ ഭാഗമായി സമക്ഷം എന്ന സിനിമ നിർമ്മിച്ച് പ്രദർശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി ബോധവൽക്കരണത്തിനായി സിനിമ നിർമ്മിച്ചത്. സിനിമ റിലീസ് ചെയ്തെങ്കിലും ജലീൽ ഇടപെട്ട് തുടർനടപടികൾ നിർത്തിവെച്ചെന്നും ഇദ്ദേഹം പറയുന്നു. പ്രായപരിധിയുടെ പേരിൽ രജിസ്ട്രാർമാരെ ഒറ്റ ദിവസം കൊണ്ട് പിരിച്ചു വിട്ട നടപടിക്ക് പിന്നിലും വ്യക്തിവിരോധമാണെന്നും ഇദ്ദേഹം ആരോപിച്ചു.