Headlines
Loading...
നെടുമ്പാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാമ്പിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്കയച്ചു

നെടുമ്പാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാമ്പിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്കയച്ചു

നെടുമ്പാശ്ശേരി വിമാന ത്താവളത്തിലെത്തിയ നാല് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടൊ എന്നറിയാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് ഒമിക്രോണ്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ ആറിനാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.

എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ നാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇതോടൊപ്പം അദ്ദേഹത്തിന്റെ പ്രാദേശിക സമ്പര്‍ക്കപ്പട്ടികയിലുള്ള ടാക്‌സി ഡ്രൈവറേയും ഭാര്യാ മാതാവിനേയും നിരീക്ഷിച്ചു വരുന്നു. ഇയാളുടെ ഭാര്യക്കും ഭാര്യ മാതാവിനും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേകം ചികിത്സയിലാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. രോഗിയുടെ ഭാര്യയുടേയും ഭാര്യാമാതാവിന്റേയും സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. രോഗിയുടെ പ്രാദേശികമായ സമ്പർക്കപ്പട്ടിക പരിമിതമാണ്. വിമാനത്തിൽ രോഗിയുടെ അടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പത്തനംതിട്ടയിൽ വ്യക്തമാക്കി