Headlines
Loading...
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം; ഡമ്മി പരിശോധന നടത്തി സിബിഐ

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം; ഡമ്മി പരിശോധന നടത്തി സിബിഐ

വാളയാറിലെ സഹോദരിമാരായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസില്‍ ഡമ്മി പരിശോധന നടത്തി സിബിഐ. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഡമ്മി പരിശോധന. കുട്ടികളുടെ ഭാരത്തിന് സമാനമായ ഡമ്മികള്‍ തൂക്കിയാണ് പരിശോധന നടത്തിയത്.

പെണ്‍കുട്ടികളുടേത് മരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡമ്മി പരിശോധന. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷഡ്ഡിലാണ് പരിശോധന നടത്തിയത്.
നേരത്തെ കേസില്‍ ഡമ്മി പരിശോധനയ്ക്കായി തൊണ്ടിമുതല്‍ വേണമെന്ന സിബിഐ ആവശ്യം പാലക്കാട് പോക്‌സോ കോടതി തളളിയിരുന്നു. ഡമ്മി പരീക്ഷണത്തിനായി കുട്ടികളുടെ വസ്ത്രങ്ങള്‍, ഷാള്‍ എന്നിവയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം തള്ളിയതോടെ സമാനമായ വസ്തുക്കള്‍ ഡമ്മി പരിശോധനയ്ക്കായി ഉപയോഗിക്കാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പളളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിന് ശേഷം പെണ്‍കുട്ടിയുടെ ഒമ്പതു വയസുകരിയായ സഹോദരിയേയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വയസുകാരിക്ക് വീടിന്റെ ഉത്തരത്തില്‍ തൂങ്ങാനാവില്ല എന്ന കണ്ടെത്തലായിരുന്നു സംശയത്തിന് കാരണമായത്. ഈ വര്‍ഷം ജനുവരിയില്‍ പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്.

കഴിഞ്ഞയാഴ്ച്ച കേസിലെ ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ മലമ്പുഴ ജില്ലാ ജയിലിലെത്തി സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയുടെ തീരുമാനം.