kerala
ആരോഗ്യ നിലയില്‍ പുരോഗതി; വി എസ് അച്യുതാനന്ദന്‍ വീട്ടിലേക്ക് മടങ്ങുന്നു
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. 18 ദിവസത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം ഉടന്‍ ആശുപത്രി വിടുമെന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അരുണ്‍ കുമാരിന്റെ പ്രതികരണം. വെള്ളിയാഴ്ച തന്നെ വിഎസ് വീട്ടിലേക്ക് മടങ്ങുമെന്നും അരുണ്‍ കുമാര്‍ അറിയിച്ചു.
ദീര്‍ഘനാളായി പൊതു രംഗത്ത് നിന്നും വിട്ട് നിന്നിരുന്ന വിഎസിനെ നവംബര്‍ ഒന്നിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്ന വിഎസ് പട്ടത്തെ ഉത്രാടം തിരുന്നാള്‍ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. പിന്നാലെയാണ് ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായും വീട്ടിലേക്ക് മടങ്ങുകയാണെന്നും മകന്‍ അറിയിച്ചത്.
അരുണ്‍ കുമാറിന്റെ പോസ്റ്റ് പുര്‍ണ രൂപം-
ആശുപത്രിവാസത്തിന് വിട. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ തുടരുന്ന അച്ഛന്‍ ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. പരിപൂര്‍ണ വിശ്രമവും കുറെയേറെ നിബന്ധനകളും ഡോക്ടര്‍മാരുടെ കുറിപ്പടിയിലുണ്ട്. ആകാംക്ഷകളും പിന്തുണകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി.