Headlines
Loading...
ഇന്ന്‌ വിജയദശമി; കോവിഡ് നിയന്ത്രണങ്ങളോടെ കുറിക്കാം ആദ്യക്ഷരം

ഇന്ന്‌ വിജയദശമി; കോവിഡ് നിയന്ത്രണങ്ങളോടെ കുറിക്കാം ആദ്യക്ഷരം

ഇന്ന് വിജയദശമി. കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന ദിനം. രാവിലെ ഏഴിനാണ് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലോ തന്നെ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ചടങ്ങ് സംഘടിപ്പിക്കരുത്. നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കണം. ആ സ്വര്‍ണം വീണ്ടും അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. ഓരോരുത്തരേയും എഴുത്തിനിരുത്തിയ ശേഷം എഴുത്തിനിരുത്തുന്നയാള്‍ സോപ്പ് ഉപയോഗിച്ച്‌ കൈകള്‍ കഴുകണം. രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്

പങ്കെടുക്കുന്നവരുടെ പേരും ഫോണ്‍ നമ്ബറും എഴുതി സൂക്ഷിക്കണം. ആറടിഅകലം പാലിക്കണം. മാസ്കുകള്‍ ധരിക്കണം. രോഗലക്ഷണങ്ങളുള്ള കുട്ടികളെ വീട്ടില്‍തന്നെ എഴുത്തിനിരുത്തണം. സംശയങ്ങള്‍ക്ക് ദിശയില്‍ വിളിക്കാം. നമ്ബര്‍ 1056.

മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാനവമി, വിജയദശമി ആശംസകള്‍ നേര്‍ന്നു. അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാകൂ എന്ന സന്ദേശത്തിന് ഈ കാലഘട്ടത്തില്‍ സവിശേഷ പ്രസക്തിയുണ്ട്. അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് പുതുതായി കടന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാസുരമായ ഭാവിയുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.