national
ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കുന്നു; ഐആര്‍സിടിസിക്ക് റെയില്‍വെ കത്തുനല്‍കി
ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവർ ഇനി ഭക്ഷണത്തെ കുറിച്ച് ആശങ്കപ്പെടേണ്ട. കോവിഡ് കാരണം നിർത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വിൽപ്പന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു.
മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് സ്പെഷൽ ടാഗുകൾ ഒഴിവാക്കാനും കോവിഡ് മുൻപത്തെ ടിക്കറ്റ് നിരക്കുകൾ പുനഃസ്ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങൾക്കകമാണ് റെയിൽവേ പുതിയ തീരുമാനവും പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിനുകളിൽ ഭക്ഷണ വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കാണിച്ച് റെയിൽവേ ഐ.ആർ.സി.ടിസിക്ക് കത്തയച്ചിട്ടുണ്ട്.
രാജ്യത്താകമാനം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ വരുത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിൽ എത്തിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി ദീർഘദൂര ട്രെയിനുകൾ പുനഃസ്ഥാപിക്കുകയും ഹൃസ്വദൂര ട്രെയിനുകൾ കൂടിയ നിരക്കിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു.
കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച സ്പെഷൽ ടാഗുകൾ പിൻവലിക്കാനും പഴയ നിരക്ക് പുനഃസ്ഥാപിക്കാനും റെയിൽവേ തീരുമാനിക്കുകയായിരുന്നു.
ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്ത് ദിവസങ്ങൾക്കകമാണ് റെയിൽവേയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.