Headlines
Loading...
സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് അഫ്ഗാന്റെ റണ്‍റേറ്റും മറികടന്ന് ഇന്ത്യ; ഇനി ന്യൂസിലന്‍ഡ് തോല്‍ക്കണം

സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് അഫ്ഗാന്റെ റണ്‍റേറ്റും മറികടന്ന് ഇന്ത്യ; ഇനി ന്യൂസിലന്‍ഡ് തോല്‍ക്കണം

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ. സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം വെറും 6.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഇന്ത്യ റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ലക്ഷ്യം മറ്റൊന്നായിരുന്നു. 

സെമി സാധ്യതകള്‍ക്കുമേല്‍ റണ്‍റേറ്റ് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുള്ളതിനാല്‍ ന്യൂസിലന്‍ഡിനെയും അഫ്ഗാനിസ്താനെയും മറികടക്കാന്‍ ഇന്ത്യക്ക് 7.1 ഓവറില്‍ ജയം നേടണമായിരുന്നു. എന്നാല്‍ തകര്‍ത്തടിച്ച ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് അനായാസം ഇന്ത്യയെ ലക്ഷ്യത്തിനടുത്ത് എത്തിച്ചു.

ഇരുവരും ചേര്‍ന്ന് 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. ഒന്നാം വിക്കറ്റില്‍ അഞ്ചോവറില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 16 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 39 റണ്‍സ് നേടിയ രോഹിത് പുറത്തായതിനു പിന്നാലെ രാഹുല്‍ അര്‍ധസെഞ്ചുറി തികച്ചു. ഇന്ത്യക്ക് ജയിക്കാന്‍ നാലു റണ്‍സ് മാത്രം വേണമെന്നിരിക്കെ തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്താകുകയും ചെയ്തു.19 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതമാണ് രോഹിത് 50 റണ്‍സ് നേടിയത്. കളി ജയിക്കുമ്പോള്‍ രണ്ടു റണ്‍സുമായി നായകന്‍ വിരാട് കോഹ്ലിയും ആറു റണ്‍സുമായി സൂര്യകുമാര്‍ യാദവുമായിരുന്നു ക്രീസില്‍.

നേരത്തെ ഏറെ നാളുകള്‍ക്കു ശേഷം ടോസിലെ ഭാഗ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പിറന്നാള്‍ ദിനമായ ഇന്നു തുണച്ചപ്പോള്‍ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്‌കോട്ടിഷ് നിരയില്‍ വെറും നാലു പേര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. 19 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സ് നേടിയ ഓപ്പണര്‍ ജോര്‍ മണ്‍സേയാണ് അവരുടെ ടോപ് സ്‌കോറര്‍.12 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 21 റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌ക്, 28 പന്തുകളില്‍ നിന്ന് 16 റണ്‍സ് നേടിയ കാളം മക്‌ലീഡ്, 13 പന്തുകളില്‍ നിന്ന് 14 റണ്‍സ് നേടിയ മാര്‍ക്ക് വാട്ട് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നാലോവറില്‍ 15 റണ്‍സ് വഴങ്ങി മുന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയും മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയുമാണ് സ്‌കോട്ടിഷ് പടയെ ചുരുട്ടിക്കെട്ടിയത്. 3.4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ഇവര്‍ക്കു മികച്ച പിന്തുണ നല്‍കി. രവിചന്ദ്രന്‍ അശ്വിനാണ് ഒരു വിക്കറ്റ്.കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. 

സ്പിന്‍ വിക്കറ്റായതിനാല്‍ മൂന്നു സ്പിന്നര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഷാര്‍ദ്ദൂല്‍ താക്കൂര്‍ പുറത്തുപോയപ്പോള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തി.