national
ട്രെയിന്‍ തടയുമെന്ന സന്യാസിമാരുടെ ഭീഷണി; രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാരുടെ കാവി യൂണിഫോം മാറ്റി
രാമായൺ എക്‌സ്പ്രസിലെ ജീവനക്കാരുടെ കാവി യൂണിഫോമില്‍ മാറ്റം. വെയിറ്റർമാരുടെ യൂണിഫോം ഒഴിവാക്കാത്ത പക്ഷം ഡിസംബർ 12 ന് ഡൽഹിയിൽ ട്രെയിൻ തടയുമെന്ന ഉജ്ജയിനിൽ നിന്നുള്ള ഹിന്ദു സന്യാസിമാരുടെ മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി.യൂണിഫോം പിന്‍വലിക്കുന്നതായും ഇതിലൂടെ സന്യാസ സമൂഹത്തിനുണ്ടായ അസൗകര്യത്തിൽ ഖേദം അറിയിക്കുന്നതായും ഐആർസിടിസി പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ നേരത്തെ ജീവനക്കാരുടെ യൂണിഫോമായിരുന്നു വെള്ള ഷർട്ടും ട്രൗസറും ചുവന്ന തൊപ്പിയും തുടരും. അതേസമയം, നിലവില്‍ വെയിറ്റർമാർ ഉപയോഗിക്കിച്ചു വരുന്ന കാവി മാസ്കുകളും കയ്യുറകളും ധരിക്കാമെന്നും റെയില്‍വേ വ്യക്തമാക്കി.
ഹിന്ദു സന്യാസികള്‍ക്ക് സമാനമായ കാവി വസ്ത്രവും രുദ്രാക്ഷ മാലകളും ധരിക്കുന്നത് ഹിന്ദു മതത്തിനും മതവിശ്വാസികള്‍ക്കും അപമാനമാന കരമാണെന്നായിരുന്നു ഉജ്ജയിൻ അഖാഡ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി അവ്ദേശ്പുരിയുടെ ആരോപണം. വെയിറ്റർമാരുടെ കാവി വസ്ത്രം ഒഴിവാക്കിയില്ലെങ്കില്‍ ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ ദർശക് ട്രെയിൻ തടയുമെന്നും അവ്ദേശ്പുരി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് റെയില്‍വേയുടെ നിലപാട്.
നവംബര്‍ ഏഴിനാണ് രാജ്യത്തെ ആദ്യത്തെ രാമായണ്‍ എക്‌സ്പ്രസ് സർക്യൂട്ട് ട്രെയിൻ 17 ദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ടത്. ദില്ലിയിലെ സഫ്ദര്‍ഗഞ്ചില്‍ നിന്ന് ആരംഭിച്ച് രാമേശ്വരം, ഹംപി, നാസിക്, സീതാമാര്‍ഹി, ചിത്രകൂട്, ജാനക്പുര്‍, നന്ദിഗ്രാം, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളിലൂടെ 7500 കിലോമീറ്ററാണ് ട്രയിന്‍ സഞ്ചരിക്കുക.