national
പരമോന്നത സൈനിക ബഹുമതിയായ വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർദ്ധമാൻ
ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി പോരാടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി. യുദ്ധകാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീരചക്ര. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് മെഡൽ കൈമാറിയത്. പുൽവാമ ഭീകരാക്രമങ്ങൾക്ക് പിന്നാലെ 2019 ഫെബ്രുവരിയിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദൻ വർദ്ധമാൻ വെടിവച്ച് ഇട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വിമാനം പാക് സൈന്യം വെടിവച്ചിട്ടെങ്കിലും, അദ്ദേഹം പാരച്യൂട്ടിൽ താഴേക്ക് ചാടി. പാക് അധീന കശ്മീരിൽ വീണ അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിൽ വയ്‌ക്കുകയായിരുന്നു. മിഗ്-21 യുദ്ധവിമാനത്തിലാണ് അഭിനന്ദൻ പാക് സേനയെ പ്രതിരോധിച്ചത്. ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് അഭിനന്ദനെ പാകിസ്താൻ വിട്ടയച്ചത്.
തിരികെ എത്തിയ ശേഷം അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി വ്യോമസേന സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ശ്രീനഗർ കേന്ദ്രമായുള്ള യൂണിറ്റ് 51 സ്‌ക്വാഡ്രന്റെ ഭാഗമായിരുന്നു അഭിനന്ദൻ വർദ്ധമാൻ. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഫെബ്രുവരി 26ന് വ്യോമസനേ ബാലാകോട്ട് ഭീകരകേന്ദ്രങ്ങളിൽ ബോംബ് ഇട്ടത്. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 27ന് നിയന്ത്രണരേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഇന്ത്യൻ അതിർത്തി ലംഘിച്ച പാക്‌സിതാന്റെ അമേരിക്കൻ നിർമ്മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദനാണ് വെടിവച്ച് ഇട്ടത്. ഇതിന് പിന്നാലെയാണ് അഭിനന്ദൻ വർദ്ധമാൻ നിയന്ത്രിച്ചിരുന്ന മിഗ്-21 ബൈസൺ ജെറ്റ് മിസൈൽ ആക്രമണത്തിൽ തകർന്നത്.