kerala
ദത്ത് കേസ്; ആന്ധ്രയില്‍ നിന്ന് എത്തിച്ച കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്ന് നടത്തും
തിരുവനന്തപുരം ദത്ത് കേസില്‍ ആന്ധ്രയില്‍ നിന്ന് തിരിച്ചെത്തിച്ച കുഞ്ഞിനെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കുഞ്ഞിന്റെ സംരക്ഷണ ചുമതലയുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സാന്നിധ്യത്തിലാവും പരിശോധന. പരിശോധനക്ക് ശേഷം കുഞ്ഞിനെ തിരികെ എത്തിച്ചതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നാവും ഡിഎന്‍എ പരിശോധനാ നടപടികളിലേക്ക് കടക്കുക.
ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച കുഞ്ഞിനെ നിര്‍മ്മല ശിശുമന്ദിരത്തിലേക്കാണ് മാറ്റിയത്. കേസില്‍ ശിശുക്ഷേമ സമിതി കക്ഷിയായതിനാലാണ് സ്വകാര്യ മന്ദിരത്തില്‍ സംരക്ഷണ സൗകര്യമൊരുക്കിയത്.
പരിശോധനക്ക് ശേഷം കുഞ്ഞിനെ തിരികെ എത്തിച്ചെന്ന റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതിയും, വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും ഡിഎന്‍എ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കുക.
കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെങ്കില്‍ ഡി.എന്‍.എ പരിശോധനക്ക് ഹാജരാവണമെന്നാവശ്യപ്പെട്ട് അനുപമയ്ക്കും, കുഞ്ഞിനെ ഹാജരാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും cwc നോട്ടീസ് അയക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാവും പരിശോധന നടത്തുക. അതിനിടെ നടപടികള്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചേക്കാമെന്ന ആരോപണവുമായി അനുപമ രംഗത്തെത്തി. കുടുംബകോടതി കേസ് പരിഗണിക്കുന്നതിനാല്‍, പരിശോധന ഫലം cwc കോടതിയില്‍ സമര്‍പ്പിക്കണം. 30 നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. അതിന് മുന്‍പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം