Headlines
Loading...
പ്രിയ വർഗീസിന്റെ നിയമനം; കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി

പ്രിയ വർഗീസിന്റെ നിയമനം; കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തില്‍ ഗവര്‍ണ്ണറുടെ ഇടപെടല്‍. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനോട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. നിയമനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറാകാനുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടിയ പ്രിയ വര്‍ഗീസിന് നിയമനത്തിന് വേണ്ട യോഗ്യതയില്ലെന്ന ആരോപണത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു വിസി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കിയത്. പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എസ്ബി കോളേജ് എച്ച്ഒഡി ജോസഫ് സ്‌കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പ്രിയ ഒന്നാം റാങ്കിലെത്തിയത്. ആറുപേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പ്രിയ വര്‍ഗീസിനായി ജോസഫ് സ്‌കറിയയെ തള്ളുകയായിരുന്നെന്ന ആരോപണമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് അടക്കം സമരരംഗത്തുണ്ടായിരുന്നു. അതേസമയം, കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു