Headlines
Loading...
മരക്കാർ തിയേറ്ററിൽ തന്നെ; ഡിസംബർ രണ്ടിന്

മരക്കാർ തിയേറ്ററിൽ തന്നെ; ഡിസംബർ രണ്ടിന്

മോഹൻലാൽ നായകനാകുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്റർ റിലീസ് തന്നെ. ചിത്രം ഡിസംബർ രണ്ടാം തീയതി റിലീസ് ചെയ്യും.നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

ഉപാധികൾ ഇല്ലാതെയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക.
മരക്കാര്‍ സിനിമ എടുക്കുന്നതിനുണ്ടായ സാമ്പത്തികമായ ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ചകളിലേക്ക് എത്തിച്ചതെങ്കിലും മലയാള സിനിമയുടെ നിലനില്‍പ്പിന് വേണ്ടിയും സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഉപാധികളില്ലാതെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. 

തീയേറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് വേണ്ടെന്ന് വച്ചതായും സര്‍ക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമാണ് തീരുമാനമെന്നും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ എല്ലാവരേയും ഒന്നിപ്പിച്ച് ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
.മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.