international
വളർത്തു നായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: നായ ക്വാറന്റീനിൽ
ലണ്ടൻ: യുകെയിൽ വളർത്തുനായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുകെയിലെ ചീഫ് വെറ്റിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ മൂന്നിന് വെയ്ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് നായക്ക് രോഗമുള്ളതായി സ്ഥിരീകരിക്കുന്നത്.
നായ ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ്. കൊറോണ പോസിറ്റിവായ ഉടമയിൽ നിന്നാണ് നായയ്‌ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. നായയുടെ യജമാനന് കൊറോണ പോസിറ്റീവ് ആയിരുന്നു. എന്നാൽ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് കൊറോണ വൈറസ്് പടരുമോ എന്നതിൽ തെളിവുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
നായകൾക്ക് രോഗം സ്ഥിരീകരിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണെന്നും രോഗലക്ഷണങ്ങൾ ഈ നായയും കാണിച്ചെന്നും ക്രിസ്റ്റീൻ പറഞ്ഞു. നായ ക്വാറന്റീനിൽ കഴിയുകയാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു.