Headlines
Loading...
ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; നിരക്ക് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും

ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; നിരക്ക് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും

സംസ്ഥാനത്ത് സ്വകാര്യ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ എത്ര തുകയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വര്‍ധിപ്പിക്കേണ്ട തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കും. 

തുക വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി കൂടിയാലോചന നടത്തിയ ശേഷം വര്‍ധിപ്പിക്കേണ്ട തുക തീരുമാനിക്കും. ഫെയര്‍ സ്റ്റേജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കമ്മീഷന്റെ അഭിപ്രായം അറിയേണ്ടതുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, ബസ് ഉടമകള്‍ ഉന്നയിച്ച കാര്യങ്ങള്‍ അതേപടി അംഗീകരിക്കാനാകില്ല എന്നും കോവിഡ് കാലത്തെ റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കില്ല എന്നും മന്ത്രി പറഞ്ഞു. നിരക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിന് ബസുടമകളുടെ 3 അംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.