Headlines
Loading...
തറവില 970 കോടി; ബിഎസ്എന്‍എല്‍ / എംടിഎന്‍എല്‍ ആസ്തികള്‍ വില്‍പനയ്ക്ക്

തറവില 970 കോടി; ബിഎസ്എന്‍എല്‍ / എംടിഎന്‍എല്‍ ആസ്തികള്‍ വില്‍പനയ്ക്ക്

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ടെലകോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ആസ്തികള്‍ വില്‍പനയ്ക്ക്. എയര്‍ ഇന്ത്യ കൈമാറ്റത്തിന് പിന്നാലെയാണ് പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ ടെലകോം കമ്പനികളുടെ നഷ്ടം നികത്താന്‍ ആസ്തികള്‍ വില്‍പനയ്ക്ക് (അസറ്റ് മോണിറ്റൈസേഷന്‍) ഒരുങ്ങുന്നത്. കൈമാറ്റ നടപടികള്‍ക്കായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് നടപടികള്‍ തുടങ്ങി.

970 കോടി രൂന തറ വില നിശ്ചയിച്ചിരിക്കുന്ന ആസ്തികളാണ് കേന്ദ്രം വില്‍പനയ്ക്ക് വയ്ക്കുന്നത്. ഹൈദരാബാദ്, ചണ്ഡീഗഡ്, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബിഎസ്എന്‍എല്ലിന്റെ വസ്തുവഹകളാണ് ഇത്തരത്തില്‍ കൈമാറാന്‍ ഒരുങ്ങുന്നത്. 660 കോടി രൂപയുടെ സമാഹരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എംടിഎ ന്‍എല്ലിനെ വസാരി ഹില്‍സ്, മുംബൈയിലെ ഗൊറേഗാവ് എന്നിവിടങ്ങളിലെ വസ്തുവഹക്കളും വില്‍പനയ്ക്കുണ്ട്. 310 കോടി രൂപയാണ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് വെബ്‌സൈറ്റില്‍ വസ്തുക്കള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. അസറ്റ് മോണിറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഓഷിവാരയില്‍ സ്ഥിതിചെയ്യുന്ന എംടിഎന്‍എല്ലിന്റെ 20 ഫ്‌ലാറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 52.26 ലക്ഷം മുതല്‍ 1.59 കോടി വരെയാണ് ഇവയുടെ കരുതല്‍ വില.

2019 ഒക്ടോബറില്‍ സര്‍ക്കാര്‍ അംഗീകരിച്ച ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാണ് അസറ്റ് വില്‍പനയിലൂടെയുള്ള ധനസമ്പാദനം. 69,000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. ഇരു കമ്പനികളുടെയും അത്യാവശ്യമല്ലാത്തതും ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കപ്പെടാത്തതുമായ ആസ്തികളാണ് വില്‍പനയ്ക്ക് വയ്ക്കുന്നത്.

ആസ്തി കൈമാറ്റത്തിലൂടെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം കോടി രൂപയുടെ ധനസമ്പാദന പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് പൊതുമേഖല ടെലകോം സ്ഥാപനങ്ങളുടെ ആസ്തികളും വില്‍പനയ്ക്ക് വയ്ക്കുന്നത്. റോഡുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍, ഉല്‍പ്പാദനം, ഗ്യാസ് പൈപ്പ് ലൈനുകള്‍, വെയര്‍ഹൗസിംഗ്, റെയില്‍വേ, ടെലികോം, 25 വിമാനത്താവളങ്ങള്‍, ഒമ്പത് പ്രധാന തുറമുഖങ്ങളിലെ 31 പദ്ധതികള്‍, കല്‍ക്കരി, ധാതു ഖനനം, സ്‌പോര്‍ട്‌സ് സ്റ്റേഡിയം തുടങ്ങിയ വസ്തുക്കള്‍ ആണ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് തുറന്ന് നല്‍കുന്നു.