national
ഒരുവര്‍ഷം നീണ്ട ചെറുത്തുനില്‍പ്പ്, 700 ലേറെ മരണം; തളരാത്ത പോരാട്ടവീര്യം; കര്‍ഷക സമരത്തിന്റെ നാള്‍ വഴികള്‍
നഗ്നപാദരായി ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്ത്യയുടെ സിരാ കേന്ദ്രത്തിലേക്ക് നടന്ന് കയറിയപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി ഇന്ത്യ. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ ജനങ്ങള്‍ക്ക് മേല്‍ ചില കരി നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചപ്പോഴായിരുന്നു സാധാരണക്കാരായ കര്‍ഷകര്‍ തെരുവിലിറങ്ങിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സമര പോരാട്ടമായിരുന്നു പിന്നീട് കണ്ടത്. അന്നം തരുന്ന, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ തെരുവിലിറങ്ങിയപ്പോള്‍ രാജ്യത്തെ ജനത അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നോട്ടില്ലെന്ന കര്‍ശന നിലപാട് ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പലപ്പോഴും അതിക്രുരമായി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പിന്നോട്ട് പോവാന്‍ കര്‍ഷകരും ഒരുക്കമല്ലായിരുന്നു.
ഇതോടെ, സമരം ഒരുവര്‍ഷത്തോളം നീണ്ടു. പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഭവങ്ങളിലായി 700 ലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. സമര വീര്യം തകര്‍ക്കാന്‍ ആരോപണ ശരങ്ങള്‍ ഉയര്‍ന്നു. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചു. എന്നാല്‍ പിന്മാറ്റം എന്നത് ആ കര്‍ഷകരുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ജനവിധിയുടെ ചൂട് ഉപതെരഞ്ഞടുപ്പ് ഫലമായി തിരിച്ചറിഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ മുട്ട് മടക്കുകയാണ്. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് വിലയിരുത്തുമ്പോഴും കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു നയപരമായ തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020. വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020. അവശ്യവസ്തു നിയമഭേദഗതി നിയമം 2020. എന്നിവയാണ് രാജ്യത്തെ പിടിച്ചുലച്ച കര്‍ഷക സമരത്തിന് ഇടയാക്കിയാത്. സെപ്തംബര്‍ 2020 ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. പ്രധാന മന്ത്രി നടത്തിയ പിന്‍വലിക്കല്‍ പ്രഖ്യാപനത്തോടെ ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ ഇല്ലാതാകും. കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നു എന്നും വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2020 നവംബര്‍:
പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നു
കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ സെപ്തംബര്‍ മാസത്തില്‍ ആദ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ പ്രതിഷേധങ്ങളായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്.
നവംബര്‍ 3:
പ്രതിഷേധങ്ങള്‍ക്ക് ദേശീയ സ്വഭാവം കൈവരുന്നു. ദേശീയ തലത്തില്‍ റോഡ് ഉപരോധിച്ച് കൊണ്ട് പ്രതിഷേധം ശക്തമാക്കുന്നു.
നവംബര്‍ 25:
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചു. കിലോമീറ്ററുകള്‍ നടന്ന് നീങ്ങിയ കര്‍ഷകര്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പൊലീസ് സമരം തടഞ്ഞു. കൊവിഡ് പ്രൊട്ടോക്കോളിന്റെ പേര് പറഞ്ഞായിരുന്നു അനുമതി നിഷേധിച്ചത്. പ്രതിബന്ധങ്ങള്‍ വകഞ്ഞ് മാറ്റി കര്‍ഷകര്‍ മുന്നോട്ട് പോയപ്പോള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ജല പീരങ്കിയും, കണ്ണീര്‍ വാതകവും പ്രയോഗിക്കുന്ന നിലയും ഉണ്ടായി.
നവംബര്‍ 28:
വിഷയം ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലെ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം.
ഡിസംബര്‍ 2020:
സമവായ ചര്‍ച്ചകള്‍
കര്‍ഷക പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ചകള്‍ ഫലം കണ്ടില്ല. പിന്നീടുള്ള മാസങ്ങളിള്‍ ഇരുപക്ഷവും തമ്മില്‍ 11 റൗണ്ടിലധികം തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരത്തിലെത്താന്‍ കഴിഞ്ഞില്ല.
ഡിസംബര്‍ 8:
കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം. പിന്നാലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) സുപ്രീം കോടതിയെ സമീപിച്ചു. ഡിസംബര്‍ അവസാന വാരത്തില്‍ നടന്ന ആറാം റൗണ്ട് ചര്‍ച്ചയില്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കുന്നു. വിള മാലിന്യം കത്തിക്കുന്നതിലെ പിഴകളില്‍ കര്‍ഷകരെ ഒഴിവാക്കാനും 2020 ലെ വൈദ്യുതി ഭേദഗതി ബില്ലില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ തയ്യാറാവുന്നു.
2021 ജനുവരി:
പ്രതിഷേധം ശക്തമാകുന്നു
സമവായങ്ങള്‍ നീണ്ടതോടെ കഠിനമായ ശൈത്യ കാലത്തും സമരം ശക്തമായി മുന്നോട്ട് പോവുന്നു. ജനുവരി ആദ്യവാരം സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മില്‍ നടന്ന ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
ജനുവരി 11:
പ്രശ്‌ന പരിഹാരത്തിന് മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീം കോടതി.
ജനുവരി 26:
റിപ്പബ്ലിക് ദിനം - റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ പരേഡ് ഡല്‍ഹിയിലേക്ക്. തലസ്ഥാന നഗരത്തില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ട്രാക്ടറുമായി ഒരു സംഘം ചെങ്കോട്ടയില്‍. പിന്നാലെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ ചെങ്കോട്ടയുടെ തൂണുകളിലും മതിലുകളിലും കയറി സിഖ് മതചിഹ്നമായ നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തി.
ഫെബ്രുവരി 2021:
അന്താരാഷ്ട്ര തലത്തില്‍ സമരം സജീവ ചര്‍ച്ചയാവുന്നു കര്‍ഷക പ്രതിഷേധത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് ചര്‍ച്ചയായത്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിഖ്യാത പോപ്പ് താരം റിഹാനയും കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെര്‍ഗും നടത്തിയ ട്വീറ്റുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കര്‍ഷകരുടെ അവകാശത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും രംഗത്ത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരും പ്രതിഷേധങ്ങളില്‍ പങ്കാളിയായി. ഇത്തരം പ്രതികരണങ്ങള്‍ രാജ്യത്തിന് എതിരാണെന്ന് വാദം ഉയര്‍ന്നതോടെ വിവാദവും ആരോപണ പ്രത്യാരോപണങ്ങളും ശക്തമായി.
ഫെബ്രുവരി 2021:
'ചക്കാ ജാം' അഥവാ റോഡ് ഉപരോധം
ഫെബ്രുവരി 6:
ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ മൂന്ന് മണിക്കൂര്‍ കര്‍ഷകര്‍ രാജ്യവ്യാപകമായി 'ചക്ക ജാം' അഥവാ റോഡ് ഉപരോധം നടത്തി പ്രതിഷേധിക്കുന്നു.
ഫെബ്രുവരി 9:
റിപ്പബ്ലിക് ദിന അക്രമ കേസില്‍ പ്രതിയായി പ്രതി ചേര്‍ക്കപ്പെട്ട പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിന്ധുവിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 14:
തന്‍ബര്‍ഗ് പങ്കിട്ട ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതിന് 21 കാരിയായ കാലാവസ്ഥാ പ്രവര്‍ത്തകയായ ദിശ രവിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 2021:
പ്രതിഷേധം 100 ദിവസവും പിന്നിട്ട് മുന്നോട്ട്
മാര്‍ച്ച് 6:
ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സമരത്തില്‍ 100ാം ദിന പ്രതിഷേധം പൂര്‍ത്തിയാക്കുന്നു.
മാര്‍ച്ച് 8:
സിംഘു അതിര്‍ത്തിയിലെ സമര സ്ഥലത്തിന് സമീപം വെടിവയ്പ്പ്.
ഏപ്രില്‍ 2021:
കൊവിഡ് രണ്ടാം തരംഗം
രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോഴും കര്‍ഷകര്‍ പ്രതിഷേധം തുടര്‍ന്നു. രാജ്യത്ത് കൊവിഡ് 19 കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രതിഷേധ സ്ഥലങ്ങള്‍ ഒഴിയാന്‍ കേന്ദ്ര, ഹരിയാന സര്‍ക്കാരുകള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. നിര്‍ദേശം തള്ളുന്ന നിലപാട് ആയിരുന്നു പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. പ്രക്ഷോഭം ശമിപ്പിക്കാന്‍ കൊറോണ വൈറസ് പാന്‍ഡെമിക്കിനെ ഒരു ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
മെയ് 2021:
കര്‍ഷക സമരം ആറാം മാസത്തിലേക്ക്
മെയ് 27:
കര്‍ഷക സമരം ആറ് മാസം പിന്നിട്ട സാഹചര്യത്തില്‍ സമരക്കാര്‍ കരി ദിനം ആചരിച്ചു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ പ്രഖ്യാപനം.
ജൂണ്‍ 2021:
പ്രതിഷേധം ഏഴാം മാസത്തിലേക്ക്
രാജ്യ വ്യാപകമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിക്കുന്നു. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി. ഹരിയാന, പഞ്ചാബ്, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിനിടെ കര്‍ഷകരെ തടഞ്ഞുവച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) ആരോപിച്ചു.
2021 ജൂലൈ:
കിസാന്‍ സന്‍സദ് (സമാന്തര പാര്‍ലമെന്റ് സമ്മേളനം)പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമയത്ത് കിസാന്‍ സന്‍സദ് എന്ന പേരില്‍ സമാന്തര പാര്‍ലമെന്റ് സമ്മേളനം നടത്തി പ്രതിഷേധം. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്രാക്ടറില്‍ പാര്‍ലമെന്റിലെത്തി. ഹൗസ് കോംപ്ലക്‌സിനുള്ളിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുടെ പ്രതിഷേധം.
ഓഗസ്റ്റ് 2021:
പ്രതിപക്ഷ പാര്‍ട്ടികളുടെ ഇടപെടല്‍
14 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ കിസാന്‍ സന്‍സദ് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നു
ഓഗസ്റ്റ് 28:
ഹരിയാന പോലീസ് കര്‍ണാലിലെ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബിജെപി യോഗത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു ലാത്തിച്ചാജ്. ദേശീയ പാതയിലെ ബസ്താര ടോള്‍ പ്ലാസയിലുണ്ടായ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സെപ്റ്റംബര്‍ 2021:
കിസാന്‍ മഹാപഞ്ചായത്ത്ഉത്തര്‍പ്രദേശില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ സെപ്തംബര്‍ 5 ന് 'കിസാന്‍ മഹാപഞ്ചായത്ത്' എന്ന പേരില്‍ മുസഫര്‍നഗറില്‍ സംഘടിച്ചു.
സെപ്തംബര്‍ 27:
ഭാരത ബന്ദ്കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 27 ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത ബന്ദ് ആഹ്വാനം. സമരത്തിന് കോണ്‍ഗ്രസും ഇടത് പക്ഷവും പിന്തുണ പ്രഖ്യാപിക്കുന്നു.
ഒക്ടോബര്‍ 2021:
ലഖിംപൂര്‍ ഖേരി അക്രമം
ഒക്ടോബര്‍ 3:
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധവുമായി ഒത്തുകൂടിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റുന്നു. സംഭവത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് കര്‍ഷക പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ച് കയറിയത്. സംഭവത്തില്‍ മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്രയ്ക്കു പുറമെ പതിമൂന്നോളം പേരെ അറസ്റ്റ് ചെയ്തു.
നവംബര്‍ 2021:
പഞ്ചാബ് പ്രമേയം/ നിയമങ്ങള്‍ റദ്ദാക്കലും
നവംബര്‍ 11:
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് നിയമ സഭ പ്രമേയം പാസാക്കുന്നു. കേന്ദ്രത്തിന്റെ നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലേക്ക് നിയമവിരുദ്ധമായി കടന്നു കയറുകയാണ് എന്നും പ്രമേയം കുറ്റപ്പെടുന്നു.
നവംബര്‍ 12:
ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന്റെ വിവാദ ഇടപെടല്‍. കര്‍ഷ സംഘടനകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ നീക്കം. കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പരാജയപ്പെട്ടുവെന്നും സമരത്തിന്റെ നേതൃത്വം മാറണമെന്നും ഹരിയാന ആഭ്യന്തര മന്ത്രി.
നവംബര്‍ 19:
സിഖ് ആത്മീയ ആചാര്യനായ ഗുരു നാനാക്കിന്റെ ജയന്തിയില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍, ഈ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ഭരണഘടനാപരമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, പ്രഖ്യാപനം കണക്കിലെടുത്ത് പ്രതിഷേധം ഉടനടി നിര്‍ത്തില്ലെന്ന് സംയുക്ത കര്‍ഷക സംഘടനാ പ്രതിനിധികള്‍. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂകയുള്ളു എന്ന് രാകേഷ് ടികായത്ത്.