kerala
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി തുടരും; കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുമെന്ന് സുപ്രീംകോടതി. ഇന്ന് കേസ് പരിഗണിക്കവെ നേരത്തെയുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കിയ കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചില്ല. ഈ സാഹചര്യത്തില്‍ നിലവിലെ റൂള്‍ കര്‍വ് തുടരും. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.
അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 30 മുതല്‍ 142 അടിയായി ഉയര്‍ത്താമെന്നാണ് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നത്. അണക്കെട്ടിന്റെ ചോര്‍ച്ചയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി തമിഴ്നാടിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം അണക്കെട്ടിന് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നും റൂള്‍ കര്‍വ് പുനപ്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ ആവശ്യങ്ങള്‍ സംസ്ഥാനം വീണ്ടും മുന്നോട്ടുവെയ്ക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. വിദഗ്ധ പരിശോധന നടത്താന്‍ ഉടന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം