kerala
'മിനിമം ചാര്‍ജ് 10 രൂപ'; ബസുടമടകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചേക്കും
സ്വകാര്യ ബസുകളില്‍ മിനിമം ചര്‍ജ് 10 രൂപയാക്കിയേക്കും. ഇതു സംബന്ധിച്ച സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ഇവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചത്.
പത്ത് ദിവസത്തിനകം വിഷയത്തില്‍ പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളുമായി ആന്റണി രാജു ഏറെ വൈകി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെയ്ക്കാന്‍ ധാരണയായത്.
മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ മിനിമം ചര്‍ജ് 10 രൂപയാക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. ഇന്ധന വിലയിലെ വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് വിവിധ ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകള്‍ രംഗത്തെത്തിയത്.
15 ദിവസം മുമ്പാണ് സ്വകാര്യ ബസ് ഉടമകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം പ്രഖ്യാപിച്ചത്. മിനിമം ബസ്ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 6 രൂപയാക്കുക കൊവിഡ് കാലം കഴിയും വരെ വാഹനികുതി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ബസ് ഉടമകള്‍ നിരന്തരം മുന്നോട്ട് വയ്ക്കുന്ന വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം എന്ന് ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.ഇതിനുമുമ്പ് 2018- ലാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. അന്ന് എട്ട് രൂപയാക്കിയ മിനിമം ചാർജ് 12 രൂപയിലെത്തിക്കണമെന്നതാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം.