Headlines
Loading...
 പ്രീതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

പ്രീതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

പൂനെയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍. കൊല്ലം വാളകം സ്വദേശിയായ പ്രീതി ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഒക്ടോബര്‍ ആറിനാണ് പൂനെയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മലയാളി യുവതിയായ പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്പോള്‍ പ്രീതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നില്‍ അഖിലും മാതാവും ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീധനത്തെ ചൊല്ലി മകള്‍ക്ക് നിരന്തരം പീഡനം നേരിടേണ്ടിവന്നുവെന്ന് പിതാവ് മധുസൂദനന്‍ പിള്ള പറഞ്ഞു.

വര്‍ഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. ഭര്‍ത്താവിനെ വീട്ടുകാര്‍ മര്‍ദ്ദിച്ചത് ആണെന്ന് കാണിച്ച് പ്രീതി സുഹൃത്തിന് അയച്ച ചിത്രങ്ങളും പുറത്തുവന്നു. അക്രമം സാക്ഷ്യപ്പെടുത്തുന്ന തരത്തില്‍ പ്രീതി സുഹൃത്തിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചു. താന്‍ സന്തോഷവതിയാണെന്ന് കാണിക്കാന്‍ പ്രീതിയുടെ ഫോണില്‍നിന്ന് ഭര്‍ത്താവ് അച്ഛന് സന്ദേശങ്ങള്‍ അയക്കുമായിരുന്നുവെന്നും പുറത്തു വന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളിലുണ്ട്.

ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശിയായ അഖില്‍ വര്‍ഷങ്ങളായി പൂനെയിലാണ് താമസിക്കുന്നത്. അഖിലിനേയും അമ്മയേയും ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മൃതദേഹം വാളകത്തുള്ള വീട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു.