
kerala
നദികള്‍ അപകടനിലയില്‍ തുടരുന്നു; തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിപ്പിക്കുന്നു
മഴക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണ്. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയിതന്നെയാണ് എന്നും മന്ത്രി വ്യക്തമാക്കി. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മല്ലപ്പള്ളിയിലും ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ശനിയാഴ്ച വൈകുന്നേരം മുതല്‍ പുരോഗമിക്കുയാണ് എന്നും മന്ത്രി അറിയിച്ചു.
മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായ്പൂര്, ആനിക്കാട് മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായി തുടരുന്നത്. ഇവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് ടീം, എന്‍ഡിആര്‍എഫ് ടീം, പോലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ സംഘമാണ് ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
രക്ഷാ പ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്നെത്തിയ മത്സ്യത്തൊഴിലാളി സംഘവും പങ്കാളികളാവുന്നുണ്ട്. ഇന്നലെ രാത്രിയാണ് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ കൊല്ലത്തുനിന്നും പത്തനംതിട്ടയിലെത്തിയത്. അര്‍ധരാത്രിക്കു ശേഷം ബോട്ടുകള്‍ പത്തനംതിട്ടയിലെത്തി മൂന്നു ബോട്ടുകള്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുകയാണെന്നും മന്ത്രി അറിയിച്ചു.
കൊല്ലത്തു നിന്നും മത്സ്യത്തൊഴിലാളികളുടെ ഏഴു ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ട ജില്ലയില്‍ എത്തിച്ചു. ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ബോട്ടുകള്‍ വിന്യസിച്ചു. മല്ലപ്പള്ളിയില്‍ രണ്ടും പെരുമ്പെട്ടിയില്‍ ഒന്നും ആറന്മുളയില്‍ ഒന്നും പന്തളത്ത് രണ്ടും റാന്നിയില്‍ ഒന്നും ബോട്ടുകളാണ് വിന്യസിച്ചത്. കളക്ടറേറ്റില്‍ നിന്നും തല്‍സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഡാം മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.