Headlines
Loading...
നാല് ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

നാല് ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് വരുന്ന നാല് ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബര്‍ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നവംബര്‍ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും നാളെ (ഒക്ടോബര്‍ 31) മുതല്‍ നവംബര്‍ രണ്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നോ നാലോ ദിവസങ്ങളില്‍ പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറി.യിപ്പുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ മൂന്ന് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് അറിയിപ്പ്. നവംബര്‍ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും തെക്ക്-കിഴക്കന്‍ അറബിക്കടലിലും മാലിദ്വീപ് തീരത്തും 40 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും (ഒക്ടോബര്‍ 31) ഗള്‍ഫ് ഓഫ് മാന്നാറിലും കന്യാകുമാരി തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.