Headlines
Loading...
അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രാഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്നും നാളെയുമായിട്ടാണ് ഓറഞ്ച് അലര്‍ട്ട് പ്രാഖ്യാപിച്ചത്.നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രാഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുളളതിനാല്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകരുതെന്ന ജാഗ്രതാ നിര്‍ദേശമുണ്ട്.

അതേസമയം, ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 6 ടീമുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്തിട്ടുണ്ട്. അതോടൊപ്പം ആര്‍മിയും, പ്രതിരോധ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വന്നിട്ടുണ്ട്. അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്നും മുന്നറിയിപ്പുണ്ട്.