
national
ഇന്ധന വിലവര്‍ധനവില്‍ 'പൊള്ളി' രാജ്യം; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയില്‍ പെട്രോള്‍ വില ലിറ്ററിന് 110 രൂപ 10 പൈസയും ഡീസലിന് 103 രൂപ 77 പൈസയുമാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഇന്ധന വിലയില്‍ വർധനവ് ഉണ്ടാകുന്നത്.
അതേസമയം ഇന്ധനവില വര്‍ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അടുത്തമാസം 14 മുതല്‍ 29 വരെ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ധനവില ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ധനവ് തടയാം എന്ന കേന്ദ്ര വാദം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തള്ളിയിരുന്നു. ഇന്ധന വില കുറയാത്തത് സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമാണ് പ്രതിഷേധങ്ങളെ പ്രതിരോധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കുന്നത്.