entertainment desk
ചര്‍ച്ച പരാജയം; മരക്കാര്‍ തീയറ്ററിൽ എത്തില്ല ഒടിടി റിലീസിന്
മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിലേക്കെന്ന് സൂചന. ഫിലിം ചേമ്പറുമായി ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഒടിടി സാധ്യകൾ വർധിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഉന്നയിച്ച ആവശ്യങ്ങൾ തിയറ്റർ ഉടമകൾ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.മരക്കാർ തിയേറ്റർ റിലീസ് ചെയ്താൽ പത്തു കോടി രൂപ അഡ്വാൻസായി നൽകാമെന്ന് തിയറ്റർ ഉടമകൾ നേരത്തെ സമ്മതിച്ചിരുന്നു. എല്ലാ തിയറ്ററുകളിലും സിനിമ പ്രദർശിപ്പിക്കാമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
മരക്കാർ പ്രദർശിപ്പിക്കുന്ന ദിവസം വേറെ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും തിയറ്റർ ഉടമകൾ നിർമ്മാതാവിനെ അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങളിൽ ചിത്രത്തിന്റെ നിർമ്മാതാവിന് തൃപ്തിയുണ്ടായിരുന്നില്ല.
തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയും ചെയ്തു. ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശമാണ് രാജികത്ത് നൽകിയത്.
എന്നാൽ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. താൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തിൽ പറയുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ മരക്കാർ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുവാൻ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂർ മൂന്നോട്ടുവെച്ചിരുന്നു.
തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകൾ വേണമെന്നുമുൾപ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം സിനിമാപ്രദർശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂർ ചേംബർ ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റർ ഉടമകൾ 25 ലക്ഷം രൂപ അഡ്വാൻസ് നൽകണം. നഷ്ടം വന്നാൽ തിരികെ നൽകില്ല. എന്നാൽ ലാഭം ഉണ്ടായാൽ അതിന്റെ ഷെയർ വേണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടു.