kerala
'വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തണം'; സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് പരിഗണിക്കണമെന്ന് ബസുടമകള്‍
സ്കുളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തണമെന്ന് ബസുടമകള്‍. അല്ലാത്ത പക്ഷം കുട്ടികളെ സ്വകാര്യ ബസില്‍ കയറ്റാനാവില്ലെന്നും തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഒരു തീരുമാനമെന്നും ബസ് ഉടമകള്‍ പറഞ്ഞു. ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.
ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍ നിന്നും മുഴുവന്‍ ബസ്സുകളും പിന്‍മാറുമെന്നും ഉടമകള്‍ വ്യക്തമാക്കി. നിരക്ക് വര്‍ധിപ്പിക്കാതെ വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ല. നിരവധി തവണ ഗതാഗതമന്ത്രിയെ അറിയിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും ബസുടമകള്‍ പറഞ്ഞു. ദിനംപ്രതി ഇന്ധന വില വര്‍ധിക്കുമ്പോള്‍ വാഹനങ്ങളുടെ മിനിമം ചാര്‍ജില്‍ ഒരുമാറ്റവും ഉണ്ടാകുന്നില്ല. ഇതേ സ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. കോവിഡ് മൂലമുള്ള നഷ്്ടങ്ങളില്‍ നിന്ന് കരകയറാന്‍ നോക്കുമ്പോഴാണ് ഇന്ധന വില തിരിച്ചടിയാകുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാനാവില്ല. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നും അതിന് അനുപാതികമായുള്ള വര്‍ധനവ് വിദ്യാര്‍ത്ഥികളുടെ നിരക്കിലും ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയാണ് ഗതാഗത മന്ത്രിക്ക് നിവേദനം അയച്ചത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.