national
ലഹരി പാർട്ടി നടത്തിയ കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: ആഢംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി. മുംബൈ പ്രത്യേക കോടതിയാണ് ജാമ്യ ഹർജി പരിഗണിച്ചത്. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആര്യൻ ആർതർ റോഡ് ജയിലിൽ തുടരേണ്ടി വരും.
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലെടുക്കുന്നത്. 24 മണിക്കൂറിന് ശേഷം പിടിക്കപ്പെട്ടവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ആര്യന് ബന്ധമുണ്ടെന്ന് ആദ്യഘട്ടത്തിൽ തന്നെ എൻസിബി വാദിച്ചിരുന്നു. എന്നാൽ ആര്യന് മയക്കുമരുന്ന് സംഘത്തിലെ കണ്ണിയല്ലെന്നും കേസ് എൻസിബി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ഇന്നത്തെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യന്റെ അഭിഭാഷകരുടെ ശ്രമം. മയക്കുമരുന്ന് ഉപയോഗം, കൈവശം വെക്കൽ തുടങ്ങിയ കാര്യങ്ങളിൽ തെളിവില്ലെന്നാണ് ജാമ്യഹരജിയിൽ ആര്യന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ വർഷങ്ങളായി ആര്യൻ മയക്കുമരുന്ന് ഉപയോഗിച്ചു വരികയാണെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് കണ്ണികളുമായി ആര്യന് ബന്ധമുണ്ടെന്നും എൻസിബി വാദിച്ചു.
രണ്ടു തവണയാണ് ആര്യന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയത്. വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് എൻസിബി ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. ആദ്യം നൽകിയ ജാമ്യാപേക്ഷ കോടതി നിരാകരിച്ചിരുന്നു. പിന്നാലെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്തു. ഇതേ തുടർന്നാണ് ജാമ്യാപേക്ഷയുമായി പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.