സംസ്ഥാനത്ത് ഒക്ടോബര്‍ 26 മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയോടെ കാലവര്‍ഷം അവസാനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ 23 വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കാലവര്‍ഷക്കെടുതിക്ക് ശമനമാകുന്നതോടെ തുലാവര്‍ഷത്തെ നേരിടാനുളള ഒരുക്കത്തിലാണ് സംസ്ഥാനം.
സംസ്ഥാനത്ത് തുലാവര്‍ഷം എത്തുന്നതിന് മുമ്പായി തന്നെ അധിക മഴ ലഭിച്ചെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുലാവര്‍ഷ സീസണായ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 16.8 ശതമാനമാണ് (491.6 മില്ലി മീറ്റര്‍) സംസ്ഥാനത്തിന് ലഭിക്കുന്ന മഴ. എന്നാല്‍ 192.7 mm ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ കേരളത്തില്‍ 453.5 മില്ലി മീറ്റര്‍ മഴ ലഭിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലെ ലക്ഷ ദ്വീപ് തീരങ്ങളിലും രൂപപ്പെട്ട ന്യൂന മര്‍ദമാണ് തുലാവര്‍ഷാരംഭത്തിന് മുന്‍പ് തന്നെ കേരളത്തിന് അധിക മഴ ലഭിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ജില്ലയില്‍ 215 ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും 75 ശതമാനത്തില്‍ കൂടുതല്‍ മഴ കിട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 21 ന് ഭാരതപ്പുഴ, പെരിയാര്‍, മീനച്ചില്‍, പമ്പ, അപ്പര്‍ പെരിയാര്‍, ലോവര്‍ പെരിയാര്‍, ചാലക്കുടി, അച്ചന്‍കോവില്‍, മീനച്ചില്‍ നദീതീരങ്ങളില്‍ 51 മുതല്‍ 75 മില്ലി മീറ്റര്‍ വരെ ഇന്ന് മഴ ലഭിക്കും. 22ന് 26 മില്ലി മീറ്റര്‍ മുതല്‍ 37 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.