വീട്ടിൽ എ.സി. ഉണ്ടെങ്കിൽ പെൻഷനില്ല; നിരസിക്കപ്പെട്ടത് പകുതിയിലേറെ അപേക്ഷകൾ
വടകര: നഗരസഭാ പരിധിയിൽ ദേശീയ വാർധക്യകാല പെൻഷന് സമർപ്പിച്ച അപേക്ഷകളിൽ പകുതിയിലേറെയും തള്ളിപ്പോയത് വീട്ടിൽ എയർ കണ്ടീഷണർ ഉണ്ടെന്ന കാരണത്താൽ. ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ഡയാലിസിസിനും കീമോ തെറാപ്പിക്കും വിധേയരാവുന്നവർക്ക് ബന്ധുക്കൾ ഉൾപ്പെടെ സഹായിച്ച് മുറി ശീതീകരിച്ച് നൽകുമ്പോഴാണ് ഇക്കാരണം പറഞ്ഞ് പെൻഷൻ നിഷേധിക്കപ്പെടുന്നത്. വാർധക്യകാല പെൻഷനുള്ള 119 അപേക്ഷകൾ തള്ളിപ്പോയതിൽ 61 പേർക്കും വീട്ടിൽ എ.സി. ഉണ്ടെന്നതാണ് കാരണമായി പറയുന്നത്. ചൂട് കൂടുകയും വിപണിയിൽ എ.സി.യുടെ വില കുറയുകയും ചെയ്തതോടെ മിക്ക വീടുകളിലും ഒന്നോ രണ്ടോ മുറികൾ എയർ കണ്ടീഷൻ ചെയ്യുന്നത് സർവ സാധാരണമാണിപ്പോൾ.
ഇത്രയുമേറെ അപേക്ഷകൾ തള്ളിപ്പോയതോടെ നഗരസഭാ കൗൺസിൽ യോഗത്തിലും ഇക്കാര്യം ചർച്ചയായി. എയർകണ്ടീഷണർ ഉള്ളത് അയോഗ്യതയാവുന്നത് ഒഴിവാക്കാൻ പ്രമേയം പാസാക്കി സർക്കാരിനോട് ആവശ്യപ്പെടണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സജീവ് കുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. തള്ളിപ്പോവുന്ന അപേക്ഷകളിൽ പകുതിയിലേറെയിലും എയർ കണ്ടീഷണർ ആണ് വില്ലൻ. 1000 സി.സി.യുള്ള വാഹനം, 2000 സ്ക്വയർ ഫീറ്റുള്ള വീട്, എന്നിവയാണ് തള്ളിപ്പോയതിന്റെ മറ്റ് പ്രധാന കാരണങ്ങൾ.