Headlines
Loading...
നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 31 ലക്ഷത്തിന്റെ സ്വർണം പിടികൂടി

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 31 ലക്ഷത്തിന്റെ സ്വർണം പിടികൂടി

തൃശൂർ: നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ച 31 ലക്ഷം രൂപയുടെ സ്വർണം ജിഎസ്‌ടി ഇന്റലിജൻസ്‌ പിടികൂടി. തൃശൂരിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നുമാണ് 31.10 ലക്ഷം വില വരുന്ന 661.6 ഗ്രാം സ്വർണം പിടികൂടിയത്.

ഉത്തരേന്ത്യയിൽനിന്നും മതിയായ രേഖകൾ ഇല്ലാതെ തൃശൂർ നഗരത്തിലെ സ്വർണ മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവന്നതായിരുന്നു സ്വർണമെന്നാണ് പറയുന്നത്. 20.6 ലക്ഷം രൂപ വിലവരുന്ന 425.6 ഗ്രാം സ്വർണാഭരണങ്ങളാണ് തൃശൂർ പള്ളികുളം റോഡിൽ നിന്നും പിടികൂടിയത്.

ജിഎസ്‌ടി വകുപ്പ് 129 പ്രകാരം നോട്ടീസ് നൽകി, 1.24 ലക്ഷം രൂപ ഈടാക്കി. ഇന്റലിജൻസ് വിഭാഗം സംസ്ഥാന ഓഫീസർ ടി ഇ ഫൈസലിന്റെ നേതൃത്വത്തിൽ അസി. ടാക്‌സ് ഓഫീസർമാരായ കെ രവി, വിൽ‌സൺ, കെ നസീർ, കെ എ സുധീർ, സമീറ, ജിജി, ജീവനക്കാരനായ കെ ബി അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

10.5 ലക്ഷം രൂപ വിലവരുന്ന 236 ഗ്രാം ഉരുക്കിയ സ്വർണമാണ് കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടിയത്. പിഴയിനത്തിൽ 63 ലക്ഷം ഈടാക്കി. ഇന്റലിജൻസ്‌ വിഭാഗം നികുതി ഓഫീസർ എസ് രാജീവിന്റെ നേതൃത്വത്തിൽ അസി. ടാക്‌സ്‌ ഓഫീസർമാരായ ബി രാജേഷ്, എസ് രാജേഷ്‌കുമാർ, ബി രാജീവ്‌ ജീവനക്കാരനായ പി ശ്രീകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.