Headlines
Loading...
സുപ്രീം കോടതിക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരണമടഞ്ഞു

സുപ്രീം കോടതിക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരണമടഞ്ഞു

ന്യൂഡൽഹി: ബി എസ് പി എം പി അതുൽ റായിക്കെതിരെ പീഡനകുറ്റം ആരോപിച്ച 24കാരി ന്യൂഡൽഹിയിലെ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. പൊലീസും എം പിയുടെ കുടുംബാംഗങ്ങളും ഒത്തുകളിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് യുവതിയും സുഹൃത്തും കൂടി കഴിഞ്ഞയാഴ്ച സുപ്രീം കോടതിക്കു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. 27കാരനായ യുവതിയുടെ സുഹൃത്ത് കഴിഞ്ഞ ശനിയാഴ്ച മരണമടഞ്ഞിരുന്നു. ഇരുവരെയും ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

2019ലാണ് ഉത്തർപ്രദേശിലെ ഘോസിയിൽ നിന്നുള്ള എം പിയായ അതുൽ റായിക്കെതിരെ യുവതി പരാതി സമർപ്പിക്കുന്നത്. വരാണസിയിലുള്ള വീട്ടിൽ വച്ച് അതുൽ റായ് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെതുടർന്ന് ഒരുമാസത്തിനു ശേഷം പൊലീസിനു മുന്നിൽ എം പി കീഴടങ്ങുകയായിരുന്നു. അന്ന് മുതൽ അതുൽ റായ് തടവിൽ കഴിയുകയാണ്.

ആഗസ്റ്റ് 16ന് വരാണസിയിൽ നിന്ന് ഡൽഹിയിൽ എത്തിയ യുവതിയും സുഹൃത്തും പൊലീസും എം പിയുടെ ബന്ധുക്കളും ചേർന്ന് കേസ് അട്ടിമറിക്കുവാൻ ശ്രമിക്കുകയാണെന്നും നീതി ലഭിക്കുമെന്ന് തങ്ങൾക്ക് വിശ്വാസമില്ലെന്നും കാണിച്ച് ഒരു ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിറകേയാണ് ഇവർ സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുന്നത്. സംഭവത്തിൽ യുവതിക്ക് 85 ശതമാനവും സുഹൃത്തിന് 65 ശതമാനവും പൊള്ളലേറ്റിരുന്നു.