Headlines
Loading...
ആറന്മുള വള‌ളംകളി ഇന്ന്

ആറന്മുള വള‌ളംകളി ഇന്ന്

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന്. കൊവി‌ഡ് സാഹചര്യം മൂലം ആചാരപരമായി മാത്രമാകും ഇത്തവണത്തെ വള‌ളംകളി നടക്കുക. സാധാരണ 52 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന വള‌ളംകളിയിൽ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൂന്ന് പള‌ളിയോടങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്.

നറുക്കെടുപ്പിലൂടെയാണ് ഈ പള‌ളിയോടങ്ങളെ നിശ്ചയിച്ചത്. കിഴക്കൻ മേഖലയിലെകോഴഞ്ചേരി, മദ്ധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത്. ഒരു പള‌ളിയോടത്തിൽ 40 പേരെ വച്ച് 120 പേരാണ് പള‌ളിയോടങ്ങളിൽ ഉണ്ടാകുക.

രാവിലെ 10.45ഓടെ പാർഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റില പുകയിലയും നൽകി ആചാരമനുസരിച്ച് സ്വീകരിക്കും. ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. പള്ളിയോടത്തിൽ എത്തുന്നവർ ക്ഷേത്രക്കടവിൽ ഇറങ്ങാനാകില്ല. പള്ളിയോടങ്ങളുടെ ക്യാപ്ടൻ വെള്ളമുണ്ടും ചുവന്ന തലയിൽക്കെട്ടും ധരിക്കും. മറ്റുള്ളവർ വെള്ളമുണ്ടും വെള്ള തലയിൽക്കെട്ടും ധരിക്കും. പള്ളിയോട സേവാസംഘം നൽകിയ തിരിച്ചറിയൽ കാർഡുള‌ളവ‌ർക്കേ പള‌ളിയോടത്തിൽ കയറാനാകൂ.

ക്ഷേത്ര കടവിൽ നിന്ന് സത്ര കടവിലേക്ക് വഞ്ചിപാട്ട് പാടി പോകുന്ന പള‌ളിയോടങ്ങൾ അവിടെ നിന്നും തിരികെവരും. മൂന്ന് ഘട്ടമായി നടക്കുന്ന ജല ഘോഷയാത്ര മാത്രമേ ഇത്തവണയുണ്ടാകൂ.

ജലമേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലും കൊവി‌ഡ് ചട്ടപ്രകാരമുള‌ള ദർശനം മാത്രമേ അനുവദിക്കൂ.