national
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് കബില്‍ സിബലിന്റെ വിരുന്ന്; മോദിയെ എതിര്‍ക്കാന്‍ നെഹ്‌റു കുടുംബത്തിന് പുറത്ത് സഖ്യം
നെഹ്‌റു കുടുംബാംഗങ്ങളില്ലാതെ ദേശീയ തലത്തില്‍ മോദി സര്‍ക്കാറിനെതതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ നീക്കങ്ങള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കപില്‍ സിബലിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. കബില്‍ സിബലിന്റെ 73ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു യോഗം. തിങ്കളാഴ്ച രാത്രി നടന്ന അത്താഴവിരുന്നില്‍ മുന്‍ കേന്ദ്രമന്ത്രിയായ പി. ചിദംബരം, ശശി തരൂര്‍, ആനന്ദ് ശര്‍മ തുടങ്ങിയവരുള്‍പ്പെടെ പങ്കെടുത്തു.
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം പാര്‍ട്ടി ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം എന്നതാണ് രാഷ്ട്രീയ നീക്കത്തിനും അഭ്യൂഹങ്ങള്‍ക്കും പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. കബില്‍ സിബല്‍ ഉള്‍പ്പെടെ മുന്‍ കേന്ദ്രമന്ത്രിമാരും അഞ്ചു മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ 23 പേര്‍ അന്ന് കത്തില്‍ ഒപ്പുവച്ചിരുന്നു. ഇവര്‍ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രമുഖരായ എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐഎം നേതാവ് സിതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്, ശിവസേനയുടെ സഞ്ജയ് റാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുല്ല തുടങ്ങിയവരും തിങ്കളാഴ്ച രാത്രി നടന്ന വിരുന്നില്‍ പങ്കെടുത്തു. പഞ്ചാബിലെ അകാലിദള്‍ നേതാക്കള്‍ക്കും യോഗത്തില്‍ ക്ഷണമുണ്ടായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് നരേഷ് ഗുജ്‌റാള്‍ വിരുന്നില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാറിന് പ്രശ്‌നാടിസ്ഥിതമായി പിന്തുണ നല്‍കുന്ന നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ പാര്‍ട്ടിയില്‍ നിന്നുള്ള പിനാകി മിശ്രയും യോഗത്തിലെത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
കേന്ദ്രത്തിലെ മോദി സര്‍ക്കാറിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ യോഗത്തില്‍ ആഹ്വാനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമയോടെ വ്യക്തമായ ലക്ഷ്യത്തോടെയും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചായിരുന്നു കബില്‍ സിബല്‍ യോഗത്തില്‍ സംസാരിച്ചത്. മോദി ഭരണകാലത്ത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള തന്ത്രങ്ങളും പ്രതിപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നീക്കം കേന്ദ്ര സര്‍ക്കാറിനെതിരെ ലക്ഷ്യമിട്ടാണെങ്കിലും കോണ്‍ഗ്രസിലെ ഗാന്ധി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ആരും വിരുന്നില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ് ഇത്തരം ഒരു പ്രത്യേക നീക്കത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.