ടോക്യോ ഒളിമ്പിക്‌സ്: ഗോള്‍ഫില്‍ അദിതി അശോകിന് വെങ്കല മെഡല്‍ നഷ്ടമായി
ഒളിമ്പിക്‌സ് ഗോള്‍ഫില്‍ ഇന്ത്യയുടെ അദിതി അശോകിനെ ഭാഗ്യം തുണച്ചില്ല. മികച്ച പ്രകടനം നടത്താനായെങ്കിലും വനിതാ ഗോള്‍ഫ് വ്യക്തിഗത സ്ട്രോക്ക്പ്ലേയില്‍ ഇന്ത്യന്‍ താരത്തിന് വെങ്കല മെഡല്‍ നഷ്ടമായി.
മോശം കാലാവസ്ഥ തടസപ്പെടുത്തിയ മത്സരത്തില്‍ നാലാം സ്ഥാനത്തേ അദിതിക്ക് ഫിനിഷ് ചെയ്യാനായുള്ളൂ. ഒളിമ്പിക്‌സ് വേദിയില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ ഇന്ത്യന്‍ താരത്തിനായി.
നേരിയ വ്യത്യാസത്തിലാണ് അദിതിക്ക് വെങ്കലം നഷ്ടമായത്. മത്സരം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അദിതി, അവസാന ദിനം പിന്നിലേക്കു പോയതോടെയാണ് മെഡല്‍ നഷ്ടമായത്.
മത്സരത്തിലുടനീളം മുന്‍പന്തിയിലായിരുന്ന ലോക ഒന്നാം നമ്പര്‍ താരം യുഎസിന്റെ നെല്ലി കോര്‍ഡ സ്വര്‍ണം നേടി.
മത്സരത്തിന്റെ ആദ്യ മൂന്നു ദിനങ്ങളില്‍ കഴ്ചവച്ച മികച്ച പ്രകടനം നിര്‍ണായകമായ നാലാം ദിനത്തില്‍ അദിതിക്ക് നിലനിര്‍ത്താനാകാത്തതാണ് തിരിച്ചടിയായത്. മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാനായില്ലെങ്കിലും ചരിത്രം കുറിച്ച പ്രകടനത്തോടെയാണ് അദിതി ടോക്കിയോയില്‍നിന്ന് മടങ്ങുന്നത്. വനിതാ ഗോള്‍ഫ് താരങ്ങള്‍ക്കു വേണ്ടിയുള്ള അമേരിക്കന്‍ സംഘടനായ യദ് ലേഡീസ് പ്രഫഷനല്‍ ഗോള്‍ഫ് അസോസിയേഷന്‍ (എല്‍പിജിഎ) റാങ്കിങ് പ്രകാരം 200-ാം സ്ഥാനത്താണ് അദിതി. എന്നാല്‍, ലോക ഒന്നാം നമ്പര്‍ താരം യുഎസിന്റെ നെല്ലി കോര്‍ഡയേയും വെല്ലുവിളിക്കുന്ന പ്രകടനത്തിലൂടെയാണ് അദിതി നാലാം സ്ഥാനം നേടിയത്.