Tokyo Olympics 2020
സ്വര്‍ണ്ണ പോരാട്ടത്തിന് ലോവ്‍ലീന ഇല്ല, ഒന്നാം സീഡീനോട് പരാജയപ്പെട്ട് വെങ്കല മെഡലുമായി മടക്കം
130 കോടി ഇന്ത്യന്‍ ജനതയുടെയും പ്രാര്‍ഥനകളുമായി ഇറങ്ങിയ ലോവ്‌ലിനയ്ക്ക് സെമിയില്‍ തോല്‍വി. എങ്കിലും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി താരം മെഡല്‍ പോഡിയത്തില്‍ ഉണ്ടാകും. ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ്ങില്‍ സെമിയില്‍ പൊരുതിത്തോറ്റു ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരം ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ വെങ്കല മെഡലില്‍ ഒതുങ്ങി. ഇന്നു നടന്ന സെമി പോരാട്ടത്തില്‍ തുര്‍ക്കിഷ് താരം ബുസനാസ് സുര്‍മെനലിയോടാണ് ലോവ്‌ലിന് തോല്‍വി വഴങ്ങിയത്. മൂന്നു റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശാരീരിക ക്ഷമതയില്‍ മുന്നിലുള്ള തുര്‍ക്കി താരത്തോടു പിടിച്ചു നില്‍ക്കാന്‍ ലോവ്‌ലിനയ്ക്കായില്ല.
മൂന്നു റൗണ്ടിലും അഞ്ചു ജഡ്ജിമാരുടെയും പിന്തുണ തുര്‍ക്കിഷ് താരത്തിനായിരുന്നു. ഇതോടെ 5-0 എന്ന സ്‌കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. തോല്‍വിയോടെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ അസ്തമിച്ചു. ടോക്യോയില്‍ നിന്ന് മൂന്നാമതും വെങ്കല മെഡല്‍ മാത്രം. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്പെയ് താരം ചെന്‍ നിയന്‍ ചെന്നിനെയാണ് ലോവ്ലിന ഇടിച്ചിട്ടത്. അന്നു മൂന്നു റൗണ്ടിലും എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലോവ്ലിന കാഴ്ചവച്ചത്.ആദ്യ റൗണ്ടില്‍ മൂന്നു ജഡ്ജുമാര്‍ ലോവ്ലിനയെ പിന്തുണച്ചപ്പോള്‍ രണ്ടുപേരാണ് തായ്പേയ് താരത്തിനൊപ്പം നിന്നത്. രണ്ടാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ താരം പുറത്തെടുത്തപ്പോള്‍ അഞ്ച് ജഡ്ജുമാരും ലോവ്ലിനയ്ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിനെതിരേ പിടിച്ചു നില്‍ക്കാന്‍ ചെന്നിനായില്ല. അസമില്‍ നിന്ന് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ലോവ്ലിന. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ താരമണ്. ഇരുതവണയും വെങ്കലമാണ് ലോവ്ലിന സ്വന്തമാക്കിയത്.