വ്യാജ വിദ്യാഭ്യസ യോഗ്യത: ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ് നല്‍കി
വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും ലോകായുക്ത നോട്ടീസ് നല്‍കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിത കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. വട്ടപ്പാറ സ്വദേശി അഖിലാ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത തുടര്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, കേരള സര്‍വ്വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്റ്റ് 29ന് വനിതാ കമീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റയിലും ഷാഹിദ കമാല്‍ നല്‍കിയിരിക്കുന്നത് ബി.കോമാണ്.